പീഡിപ്പിക്കപ്പെട്ട യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരണപ്പെട്ടു

ലഖ്‌നൗ :ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയതിന് 18 വയസ്സുകാരിയായ പെണ്‍കുട്ടിയേയും കുടുംബത്തേയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖ്‌നൗവിന് അടുത്തുള്ള ഗൗതം പള്ളി പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ വെച്ചും പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ദുരൂഹതയുണ്ടോയന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

ബങ്കേര്‍മവു നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ കുല്‍ദീപ് സിങ് സെങ്കാറിനെതിരെയായിരുന്നു യുവതിയുടെ പരാതി. കുല്‍ദീപും കൂട്ടാളികളും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായും എന്നാല്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസും സര്‍ക്കാരും ഇയാള്‍ക്കെതിരെ നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വീട്ടിന് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്യാനായി ഇവര്‍ ശ്രമിച്ചത്.


ദേഹത്ത് മുഴുവന്‍ എണ്ണയൊഴിച്ചതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയേയും കുടുംബത്തേയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി എംഎല്‍എക്കും കൂട്ടാളികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആവശ്യം.

അതേസമയം ആരോപണങ്ങളെ തള്ളി വിവാദ എംഎല്‍എയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായുള്ള ചില കുടുംബ പ്രശ്നങ്ങളാണ് ഇത്തരമൊരു ആരോപണത്തിലേക്ക് വഴി തെളിച്ചതെന്ന് കുല്‍ദീപ് സിങ് വെളിപ്പെടുത്തി.


യുവതിയുടെ കുടുംബം കാരണം ബലിയാടുകളാകേണ്ടി വന്ന രണ്ട് നിരപരാധികളെ താന്‍ ഒരു കേസില്‍ നിന്നും രക്ഷിച്ചതിന്റെ പക കാരണമാണ് ഇത്തരത്തിലൊരു നാടകവുമായി ഇവര്‍ രംഗത്ത് വന്നിട്ടുള്ളതെന്നും എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുല്‍ദീപ് സിങ് ആവശ്യപ്പെട്ടു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here