മലപ്പുറം :ടെലിഫിലിം സംവിധായിക ആത്മഹത്യ ചെയതതിന് പിന്നില്‍ ജിഎസ്ടിയെന്ന് പിതാവ്. ഇന്നലെയായിരുന്നു ടെലിഫിലിം സംവിധായികയും സാങ്കേതിക പ്രവര്‍ത്തകയുമായ കെ വി കവിതയെ നിലമ്പൂരിലെ വാടക വീട്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശിനിയാണ് മരിച്ച കവിത.
രാജ്യത്ത് പുതുതായി നടപ്പിലാക്കിയ നികുതി വ്യവസ്ഥയായ ജിഎസ്ടി കാരണമാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് കവിതയുടെ പിതാവ് ആരോപിച്ചു. ഇതുമൂലം ഭീകരമായ സാമ്പത്തിക ബാധ്യത മകളെ പിടിമുറുക്കിയതായി പിതാവ് വിജയന് പറയുന്നു.
ബംഗലൂരുവില്‍ ഒരു പുതിയ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കാന്‍ കവിത ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജിഎസ്ടി വന്നതിന് ശേഷം കാര്യങ്ങള്‍ വേണ്ട വിധം നടന്നില്ല. ഇതിനെ തുടര്‍ന്ന് കവിത സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ടെന്നും പിതാവ് വ്യക്തമാക്കി. ഈ വിഷമം കാരണമാവാം യുവതി ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറയുന്നത്. ഞായറാഴ്ച രാവിലെയാണ് കവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് യുവതി എഴുതിയിരിക്കുന്നത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാടക വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതോടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തുമ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചിരുന്നു. കവിതയ്ക്ക് നാല് വയസ്സുള്ള മകളുണ്ട്. ഭര്‍ത്താവ് ബംഗലൂരുവിലാണ്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.