ശാസ്ത്രജ്ഞന്മാരായി വേഷം മാറി നടന്ന അച്ഛനും മകനും പിടിയില്‍

ഡല്‍ഹി :നാസയിലെ ശാസ്ത്രജ്ഞന്‍മാരെന്ന വ്യാജേന ഡല്‍ഹിയിലെ ഒരു വ്യവസായിയെ കബളിപ്പിച്ച് 1.43 കോടി കവര്‍ച്ച ചെയ്ത അച്ഛനേയും മകനേയും പൊലീസ് വിദഗ്ധമായി കുടുക്കി. ഡല്‍ഹി പശ്ചിം വിഹാര്‍ സ്വദേശികളായ വിരേന്ദര്‍ മോഹന്‍ ബ്രാര്‍(56) മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍(30) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

‘റൈസ് പുള്ളര്‍’ എന്ന അരി വലിച്ചെടുക്കുന്ന യന്ത്രം നാസയുമായി കച്ചവടം നടത്തി തരാം എന്ന് വ്യവസായിയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് അച്ഛനും മകനും ഇയാളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പണ്ടു കാലത്ത് മന്ത്രവാദികള്‍ ഉപയോഗിച്ചിരുന്ന ഒരു തരം പാത്രമാണ് റൈസ് പുള്ളര്‍. ചെമ്പും ഇറിഡിയവും ചേര്‍ന്ന് നിര്‍മ്മിച്ച ഇവ വസ്തുക്കളെ പാത്രത്തിനടുത്തേക്ക് ആകര്‍ഷിക്കും. പ്രത്യേകിച്ചും അന്നം പാത്രത്തിനകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഗ്രാമവാസികള്‍ക്ക് ഒരു കൗതുക കാഴ്ചയായിരുന്നു.

എന്നാല്‍ അരിയുടെ ഉള്ളില്‍ രഹസ്യമായി ചുറ്റി പിടിപ്പിച്ചിരിക്കുന്ന ഇരുമ്പ് വയറുകള്‍ പാത്രത്തിലെ കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണെന്നാണ് ശാസ്ത്രലോകം പിന്നീട് നല്‍കിയ വിശദീകരണം. എന്നിരുന്നാലും റൈസ് പുള്ളര്‍ കൈവശമുണ്ടെങ്കില്‍ വീട്ടില്‍ സമ്പത്തും ഐശ്വര്യവും വന്ന് നിറയുമെന്നും ഇവയ്ക്ക് ദിവ്യ ശക്തിയുണ്ടെന്നുമുള്ള വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്.

ഇതു മുതലെടുത്ത് നിരവധി വ്യാജ കമ്പനികളാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രഹസ്യമായി ഈ റൈസ് പുള്ളറുകള്‍ വില്‍പ്പന നടത്തുന്നത്. ഈ കൂട്ടരുടെ വലയിലാണ് വ്യവസായിയും ചെന്നുപ്പെട്ടത്. നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ചില പരീക്ഷണങ്ങള്‍ക്കായി റൈസ് പുള്ളറുടെ ആവശ്യമുണ്ടെന്ന് യഥാര്‍ത്ഥ സാധനം നല്‍കുകയാണെങ്കില്‍ അവര്‍ 35,000 കോടി രൂപ വരെ നല്‍കുമെന്ന് വ്യവസായിയെ പറഞ്ഞു പറ്റിച്ചു.

ഉത്തരാഖണ്ഡിലെ ഒരു വലിയ മലമുകളില്‍ ഉണ്ടായ ഇടി മിന്നലില്‍ നിന്നും ദിവ്യ ശക്തി ലഭിച്ച റൈസ് പുള്ളര്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച അച്ഛനും മകനും പക്ഷെ ഇതിന് മുന്‍പ് ഡിആര്‍ഡിഓയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരെ കൊണ്ട് ഈ വസ്തു യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കണമെന്നും അറിയിച്ചു. ഇതിനായി വിലപിടിപ്പുള്ള ചില രാസവസ്തുക്കള്‍ വിദേശത്ത് നിന്ന് കൊണ്ടു വരണമെന്നും വ്യവസായിയോട് പറഞ്ഞു.


ഇതിനായി പണം നിക്ഷേപിക്കുകയാണെങ്കില്‍ വന്‍ തുക തിരിച്ച് നല്‍കാം എന്ന കരാറില്‍ ഒപ്പു വെച്ചതിന് ശേഷം വ്യവസായിയില്‍ നിന്നും പരീക്ഷണത്തിനായി ആദ്യം 87.2 ലക്ഷം കൈപ്പറ്റി. ഉത്തര്‍പ്രദേശിലെ ഹാപുരില്‍ വെച്ച് നടത്താന്‍ ഉദ്ദേശിച്ച പരീക്ഷണത്തില്‍ നിന്നും അവസാന നിമിഷം ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പിന്‍മാറി.

ശേഷം ധര്‍മ്മശാലയില്‍ വെച്ച് പരീക്ഷണം നടത്താമെന്ന ഉറപ്പില്‍ 51 ലക്ഷം രൂപ കൂടി കൈപ്പറ്റി. ഈ പരീക്ഷണത്തില്‍ നിന്നും കാലാവസ്ഥ പ്രശ്‌നം പറഞ്ഞു ഇവര്‍ ഒഴിഞ്ഞു മാറിയതോടെ സംശയം തോന്നിയ വ്യവസായി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം മൂന്നാമത്തെ തവണ പരീക്ഷണം നടത്താനുള്ള ശ്രമത്തിനിടെ പൊലീസെത്തി ഇവരെ പിടികൂടി. ബഹിരാകാശത്തേക്ക് പോകുന്ന വസ്ത്രങ്ങളുടേതിന് സമാനമായി വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ വ്യവസായിയെ കബളിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here