വീട്ടുമുറ്റത്ത് ഉഗ്ര വിഷമുള്ള പാമ്പുകളുടെ കടുത്ത പോരാട്ടം; ഇരയെ അകത്താക്കിയ എതിരാളി പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കാന്‍ബെറ: ഉഗ്ര വിഷമുള്ള പാമ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്വദേശിയായ ലിസ് വില്യംസിന്റെ വീട്ടുവളപ്പിലായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ കൊടിയ വിഷപ്പാമ്പുകളായ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കും ടൈഗര്‍ സ്‌നേക്കും തമ്മിലായിരുന്നു ഉഗ്ര പോരാട്ടം. ഏകദേശം 125 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കിന്. 100 സെന്റീമീറ്ററോളമായിരുന്നു ടൈഗര്‍ സ്‌നേക്കിന്റെ നീളമെന്ന് ലിസ് പറയുന്നു. മിനിട്ടുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് ടൈഗര്‍ സ്‌നേക്കിനെ പരാജയപ്പെടുത്തി. ശേഷം ടൈഗര്‍ സ്‌നേക്കിനെ അകത്താക്കുകയും ചെയ്തു. വീട്ടുമുറ്റത്തുള്ള പാമ്പുകളുടെ കാര്യം പാമ്പുപിടിത്തക്കാരനായ ക്രേയ്ഗ് ബെര്‍ഗാമിനേ ലിസ് അറിയിച്ചിരുന്നു. എന്നാല്‍ ക്രേയ്ഗ് എത്തിയപ്പോഴേക്കും ഇരയുടെ ഭൂരിഭാഗവും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് അകത്താക്കിയിരുന്നു. രണ്ട് പാമ്പുകളും അതീവ അപകടകാരികളാണെന്നും ഇവയുടെ കടിയേറ്റാല്‍ മരണം സംഭവിക്കുമെന്നും ക്രേയ്ഗ് വ്യക്തമാക്കി. അതേസമയം ടൈഗര്‍ സ്‌നേക്കിനെ വിഴുങ്ങിയ നിലയില്‍ തന്നെ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കിനെ ക്രേയ്ഗ് ചാക്കിലാക്കി. പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടു. ലിസിന്റെ അനന്തിരവളാണ് പാമ്പുകളുടെ പോരാട്ട ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സംഭവം എന്തായാലും വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here