ഒരു ഗ്രാമത്തെ മുഴുവനായും ദത്തെടുത്ത് നടന്‍ പ്രകാശ് രാജ് ; ദൈവത്തെ ഉപയോഗിച്ചുള്ള ഭരണമല്ല വികസനമാണ് വേണ്ടതെന്നും നടന്‍

ബംഗലൂരു :സിനിമകളില്‍ നിന്നും സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ഭവനങ്ങള്‍ സൃഷ്ടിക്കുന്ന നടന്‍മാരില്‍ നിന്നും തന്റെ പ്രവൃത്തികളിലൂടെ വ്യത്യസ്ഥനാവുകയാണ് പ്രമുഖ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയിലെ വികസനം ചെന്നെത്താത്ത ഒരു ഉള്‍നാടന്‍ ഗ്രാമം ദത്തെടുത്താണ് ഈ നടന്‍ തന്റെ സാമൂഹിക പ്രതിബധത വീണ്ടും തെളിയിച്ചത്.കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലുള്ള ഹിരിയൂര്‍ താലുക്കിലെ ബല്ലാരഹട്ടിയെന്ന ഉള്‍നാടന്‍ ഗ്രാമമാണ് നടന്‍ ഇത്തവണ ദത്തെടുത്തിരിക്കുന്നത്. ബല്ലാരഹട്ടിയില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രദേശത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ തന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് അദ്ദേഹം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.കൂടാതെ ഏതൊക്കെ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രാമത്തില്‍ നടപ്പിലാക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കുവാനായി ഒരു കമ്മിറ്റിയേയും രൂപികരിച്ചു. ഈ കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൈവത്തെ ഉപയോഗിച്ചുള്ള ഭരണമോ രാജകീയ ഭരണമോ അല്ല വികസനം നല്‍കുന്ന ഭരണമാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഗ്രാമത്തിലെ ദത്തെടുക്കല്‍ ചടങ്ങിന് അദ്ദേഹം എത്തിയത്. കഴിഞ്ഞ വര്‍ഷം തെലുങ്കാനയിലെ മെഹബൂബ നഗര്‍ ജില്ലയിലെ കോണ്ടാരട്ടിപ്പള്ളി ഗ്രാമവും പ്രകാശ് രാജ് ഇതേ പോലെ ദത്തെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here