ബജറ്റ് പെട്ടിയുടെ ചരിത്രം അറിയാം

ഡല്‍ഹി: ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്കെത്തുന്നത് ധനമന്ത്രിമാരുടെ കൈയിലുള്ള തുകല്‍ ബാഗുകളാണ്. എല്ലാ ബജറ്റ് സമ്മേളനങ്ങളുടെയും അവിഭാജ്യഘടകമാണ് ബജറ്റ് പെട്ടിയുമായി നില്‍ക്കുന്ന ധനകാര്യ മന്ത്രി. ചെറിയ പെട്ടി എന്ന് അര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബജറ്റ് എന്ന വാക്ക് വരുന്നത്. 1860ല്‍ ബ്രിട്ടണിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന വില്യം എവേര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍ കൊണ്ടുവന്ന ചുവന്ന സ്യൂട്ട് കേസോടെയാണ് ഈ പെട്ടിയുടെ ചരിത്രം തുടങ്ങുന്നത്. എവേര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍ പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. പിന്നീട് ഇന്ത്യയിലേക്കും ഈ ശീലം എത്തുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച ഷണ്‍മുഖം ഷെട്ടി മുതല്‍ എല്ലാവരും പിന്നീടങ്ങോട്ട് ബജറ്റ് പെട്ടിയെ കൂടെക്കൂട്ടി. എന്നാല്‍ 1957ല്‍ ടിടി കൃഷ്ണമാചാരി പെട്ടിക്ക് പകരം ഒരു ഫയലാണ് ഉപയോഗിച്ചത്. 1970കളില്‍ പെട്ടിയില്‍ ചില പരിഷ്‌കാരങ്ങളുണ്ടായി. യശ്വന്ത് റാവു ചവാനും ഇന്ദിര ഗാന്ധിയും മാറ്റങ്ങള്‍ വരുത്തിയ പ്രത്യേക സ്ട്രാപ്പും ബക്കിളുമുള്ള ബജറ്റ് പെട്ടിയാണ് ഉപയോഗിച്ചത്. 1998- 99 ബജറ്റിന് യശ്വന്ത് സിന്‍ഹ ഉപയോഗിച്ച പെട്ടിക്ക് പ്രത്യേക സ്ട്രാപ്പും ബക്കിളുമുണ്ടായിരുന്നു. 1991ല്‍ മന്‍മോഹന്‍ സിങ് തിരഞ്ഞെടുത്ത പെട്ടി ബ്രിട്ടീഷ് ബജറ്റ് പെട്ടിക്ക് സമാനമായിരുന്നു. ധനമന്ത്രി തന്നെയാണ് ബജറ്റ് പെട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മന്ത്രാലയം നിര്‍ദേശിക്കുന്ന മൂന്നുനാല് നിറങ്ങളില്‍ നിന്ന് മന്ത്രി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുകയാണ് പതിവ്. ബജറ്റ് പെട്ടിയും നെഞ്ചോട് ചേര്‍ത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഇതുവരെ ഒരു ധനമന്ത്രിയും ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here