ആണ്‍സുഹൃത്തിനൊപ്പമെത്തിയ 22കാരിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : 22 കാരിയായ ഫിന്‍ലാന്‍ഡ് സ്വദേശിനിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹെലിയ എമീലിയയെന്ന യുവതിയെയാണ് ട്രിപ്ലിക്കെയ്‌നിലുള്ള ഹോട്ടല്‍ ഹിമാലയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അലക്‌സി ജോയല്‍ സന്തേരി എന്ന യുവാവിനൊപ്പം ഹെലിയ വിനോദയാത്രയുടെ ഭാഗമായി തമിഴ്‌നാട്ടിലെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.20 ഓടെ അലെക്‌സിയുടെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കാണുന്നത്.തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഫിന്‍ലാന്‍ഡ് സ്വദേശികളായ ഇരുവരും ചൊവ്വാഴ്ചയാണ് ഇവിടെയെത്തിയത്. 207 ാം നമ്പര്‍ മുറിയിലായിരുന്നു താമസം. ചൊവ്വാഴ്ച വൈകീട്ടോടെ റൂമില്‍ തിരിച്ചെത്തിയ ഇരുവരും പിന്നീട് പുറത്തുപോയിരുന്നില്ല.മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാര്‍ത്ഥ കാരണം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കുന്നു.യാതൊരുവിധ പരിക്കുകളുടെയും പാടുകള്‍ ശരീരത്തിലെവിടെയുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അലെക്‌സിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച രാത്രി ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിക്ക് ദാരുണാന്ത്യമുണ്ടായത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here