വികാരം വ്രണപ്പെടുത്തി; രവീണയ്‌ക്കെതിരെ കേസ്‌

ഒഡീഷ : ക്യാമറ നിരോധനമുള്ള ക്ഷേത്രത്തിനുള്ളില്‍ പരസ്യം ചിത്രീകരിച്ചെന്ന് ആരോപിച്ച് രവീണ ടണ്ടനെതിരെ കേസ്. ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്ര ഭാരവാഹികളാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ബോളിവുഡിന്റെ താരസുന്ദരി ലിംഗരാജ ക്ഷേത്രം സന്ദര്‍ശിച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് നടി രംഗത്തെത്തി. ക്ഷേത്രത്തിനുള്ളില്‍ പരസ്യ ചിത്രീകരണം നടന്നിട്ടില്ലെന്ന് നടി പറഞ്ഞു. അമ്പലക്കമ്മിറ്റി ഭാരവാഹികളും ചില മാധ്യമങ്ങളും ചില സന്ദര്‍ശകരും തന്നെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് നടി പറഞ്ഞു. പലരും തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയുമായിരുന്നു.

ക്ഷേത്രത്തില്‍ മൊബൈല്‍ നിരോധനമുള്ള കാര്യം തനിക്കറിയില്ലായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ ആരും ഇക്കാര്യം തന്നെയും സംഘത്തെയും അറിയിച്ചില്ലെന്നും നടി വ്യക്തമാക്കി. രവീണയുടെ ഒരു വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

നടി ക്ഷേത്രത്തിലിരുന്ന് ചില സൗന്ദര്യ സൂത്രങ്ങള്‍ പങ്കുവെയ്ക്കുന്നതായിരുന്നു വീഡിയോ. പ്രസ്തുത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ക്ഷേത്ര ഭരണ സമതി പൊലീസില്‍ പരാതി നല്‍കുകയായായിരുന്നു.

നടിയുടെ നടപടി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭുവനേശ്വര്‍ ഡിസിപി സത്യബ്രത് ഭോയ് പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here