ക്ഷേത്രശിലാസ്ഥാപനം മോദി നിര്‍വഹിക്കും

അബുദാബി : യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച നിര്‍വഹിക്കും. അബുദാബി-ദുബായ് ഹൈവേയില്‍ അബു മുറൈഖയിലാണ് ക്ഷേത്രമൊരുങ്ങുന്നത്. അബുദാബി സര്‍ക്കാര്‍ 55,000 ചതുരശ്ര മീറ്റര്‍ സ്ഥലം ഇതിനായി അനുവദിക്കുകയായിരുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഭൂമി അനുവദിക്കാന്‍ മുന്‍കൈയ്യെടുത്തത്. ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ ( ബാപ്‌സ്)നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. 2020 ലാണ് ക്ഷേത്രം പൂര്‍ത്തിയാക്കുക.

ഒപ്പേറ ഹൗസില്‍ ടെലി കോണ്‍ഫറന്‍സിലൂടെയാണ് മോദി ക്ഷേത്ര നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ക്ഷേത്ര മാതൃക പ്രകാശനം ചെയ്യും.പുരോഹിതരുടെ കാര്‍മ്മികത്വത്തിലുള്ള ശിലാന്യാസ നടപടികള്‍ ഒപ്പേറ ഹൗസില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭാരതീയ പൈതൃകത്തനിമയിലാണ് രൂപകല്‍പ്പന.

മധ്യപൂര്‍വ ദേശത്ത് ഇത്തരത്തിലൊരു ക്ഷേത്രം ഇതാദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ആത്മീയ പരിപാടികള്‍ക്കായുള്ള സമുച്ചയങ്ങളും പഠനകേന്ദ്രങ്ങളും വിശ്രമശാലകളും ഗ്രന്ഥപ്പുരകളും പ്രദര്‍ശനമുറികളുമെല്ലാം ക്ഷേത്രത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഭക്ഷണശാലയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ നിര്‍വഹണ കേന്ദ്രങ്ങളുമുണ്ടാകും.

മതസൗഹാര്‍ദ്ദവും സഹിഷ്ണുതാ സന്ദേശവും വിളംബരം ചെയ്ത് മഹത്വമുയര്‍ത്തിപ്പിടിക്കുകയാണ് യുഎഇയെന്ന് ബാപ്‌സ് പ്രതികരിച്ചു. മതമൈത്രിയുടെ പ്രതീകമാണിത്. ജാതിമതഭേദമന്യേ ആര്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാകുമെന്ന സവിശേഷതയുമുണ്ട്.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here