ഷാര്‍ജയില്‍ വീട്ടുജോലിക്കാരിക്ക് വധശിക്ഷ

ഷാര്‍ജ : 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഷാര്‍ജയില്‍ വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ഇന്‍ഡോനേഷ്യന്‍ സ്വദേശിക്കാണ് ഷാര്‍ജ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു 30 കാരിക്കെതിരായ വിധിപ്രസ്താവം.

സ്വദേശി പൗരന്റെ സലാമ അല്‍ മാംസി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. 2016 ജൂലൈയിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയില്‍ നിന്നേറ്റ ഗുരുതരമായ പരിക്കുകള്‍ കാരണം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കോമ അവസ്ഥയിലായ കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം മരണപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേററ നിലയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് അല്‍ ഖാസിമി ആശുപത്രിയിലെ ഡോ. സതീഷ് കൃഷ്ണന്‍ വ്യക്തമാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലായിരുന്നു. ശ്വാസമെടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു.

കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടിയെ വീട്ടുജോലിക്കാരി വടിയുപയോഗിച്ചടക്കം അടിക്കുകയും നിലത്തെറിയുകയുമായി രുന്നു.

എന്നാല്‍ വിചാരണ ഘട്ടത്തില്‍, ഇന്‍ഡോനേഷ്യന്‍ യുവതി കൊലപാതകക്കുറ്റം നിഷേധിച്ചു. കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്ന വാദത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് യുവതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here