35 വര്‍ഷത്തിനിപ്പുറം സൗദിയില്‍ ആദ്യ തിയേറ്റര്‍

റിയാദ് : 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ സിനിമ പ്രദര്‍ശനം പുനരാരംഭിക്കുന്നു. ഏപ്രില്‍ 18 ന് സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം 15 നഗരങ്ങളില്‍ 40 പ്രദര്‍ശന ശാലകളാണ് തുടങ്ങുക.

ഇതുസംബന്ധിച്ച് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് എഎംസി കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 32 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന സൗദിയില്‍ 30 വയസ്സിന് താഴെയുള്ളവരാണ് കൂടുതല്‍. അതിനാല്‍ സിനിമ വ്യവസായം ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പക്ഷം.

2030 ആകുന്നതോടെ 350 തിയേറ്ററുകളിലായി 2500 സ്‌ക്രീനുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇടകലര്‍ന്നിരിക്കാവുന്ന തരത്തിലായിരിക്കും തിയേറ്ററിലെ ക്രമീകരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സാമൂഹ്യ സാസ്‌കാരിക മണ്ഡലങ്ങളില്‍ സൗദി നടത്തിവരുന്ന പുരോഗമന ഇടപെടലുകളില്‍ സുപ്രധാനമാണ് സിനിമ പ്രദര്‍ശനം പുനരാംരഭിക്കാനുള്ള തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദിയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നത്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയങ്ങളില്‍ പ്രവേശനം, സൈന്യത്തിലടക്കം തൊഴിലസരം തുടങ്ങി ശ്രദ്ധേയ പരിഷ്‌കാരങ്ങളാണ് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here