ചരിത്ര പ്രധാനമായ തീരുമാനത്തിന് പിന്നാലെ സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം തുറന്നു

ജിദ്ദ :സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുവാന്‍ അനുവാദം നല്‍കുന്ന നിയമം പ്രഖ്യാപിച്ച് നാല് മാസം കഴിയുന്നതിന് മുന്‍പേ വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം സൗദി അറേബ്യയില്‍ തുറന്നു. ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലെ ഒരു ഷോപ്പിംഗ് മോളിലാണ് വനിതകള്‍ക്ക് മാത്രമായി ഒരു കാര്‍ ഷോറൂം തുറന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു സ്വകാര്യ കമ്പനി ഈ വില്‍പ്പന കേന്ദ്രം തുറന്നത്.വിവിധ തരം കാര്‍ കമ്പനികളുടെ വ്യത്യസ്ഥ മോഡലുകളാണ് ഷോറുമില്‍ ഒരുക്കി വെച്ചിരിക്കുന്നത്. വനിതകളാണ് ഷോറുമിലെ മുഴുവന്‍ ജീവനക്കാരും. വാഹനങ്ങള്‍ വാങ്ങുന്നതിനായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് ലോണ്‍ സമ്പ്രദായങ്ങളും കമ്പനി ഏര്‍പ്പാടാക്കി നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഇത്തരത്തില്‍ ഷോറൂമുകള്‍ തുറക്കാനുള്ള ആലോചനയിലാണ് കമ്പനി.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചരിത്ര പ്രധാനമായ ഒരു തീരുമാനത്തിലൂടെ സൗദി രാജകുമാരനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുവാനുള്ള നിയമം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here