സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം

ദമാസ്‌കസ് :സിറിയയില്‍ കഴിഞ്ഞയാഴ്ച വീണ്ടും രാസായുധ പ്രയോഗം നടന്നതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച അരങ്ങേറിയ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് സിറിയയിലെ കിഴക്കന്‍ ഗൗത്തയിലുള്ള പ്രദേശമായ ദൗമയില്‍ 500 ഓളം പേര്‍ ശാരീരിക അസ്വാസ്ഥതകള്‍ കാരണം ബുദ്ധിമുട്ടുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടങ്ങളില്‍ കടന്നു ചെന്ന് വൈദ്യ സഹായം ഉറപ്പു വരുത്താന്‍ ഭരണകൂടം അനുവദിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കലാപ ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സാധിക്കുന്നില്ല.

അതിനിടെ രാസായുധ പ്രയോഗം നടത്തിയെന്ന വാദത്തെ സിറിയന്‍ സര്‍ക്കാര്‍ വീണ്ടും
തള്ളി. ദൗമയിലാണ് ഇപ്പോള്‍ വിമതര്‍ തമ്പടിച്ചിരിക്കുന്നത്. ഇവിടെ 42 ല്‍ അധികം പേര്‍ രാസായുധ പ്രയോഗത്തില്‍ കഴിഞ്ഞയാഴ്ച മരണപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദൗമയിലുള്ള ലോകാരോഗ്യ സംഘടനയുടെ ചികിത്സാ ക്യാംപിലേക്ക് നൂറിലധികം പേരാണ് അഭയം തേടി വന്നത്.

വായയില്‍ നിന്നും നുര പതഞ്ഞ് പൊന്തുക, ശ്വാസം മുട്ടല്‍, തൊലിയുടെ നിറം മാറ്റം, പൊള്ളല്‍ തുടങ്ങി രാസായുധ പ്രയോഗം നടന്നതിന്റെ നിരവധി ലക്ഷണങ്ങള്‍ ഇവരില്‍ ഉണ്ടായിരുന്നതായി ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗത്തയില്‍ രാസായുധ പ്രയോഗം നടത്തുന്നില്ലെന്ന സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here