അമ്മ മരിച്ചതറിയാതെ മകന്‍ ഉറങ്ങി

ഹൈദരാബാദ്: അമ്മ മരിച്ചതറിയാതെ അഞ്ച് വയസുകാരന്‍ ആശുപത്രിയില്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

ഞായറാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് 36 കാരിയായ സമീന സുല്‍ത്താന മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത് മകനായ 5 വയസ്സുകാരന്‍ ഷോയിബ് മാത്രം.

അമ്മ മരിച്ചെന്ന സത്യം ഷോയിബിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ആശുപത്രി അധികൃതരും ജീവനക്കാരും ഏറെ പാടുപെട്ടു. അമ്മയുടെ മൃതദേഹം വിട്ട് നല്‍കാതെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു കുട്ടി.

കൂടാതെ രാത്രി ഉറക്കം വന്നപ്പോള്‍ അമ്മയുടെ അരികില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. രാത്രി 12.30 നാണ് യുവതി മരിച്ചത്. 2.30 വരെ അമ്മയുടെ അരികില്‍ കുട്ടി കിടന്നുറങ്ങിയതിനുശേഷമാണ് സമീനയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

കുട്ടി എഴുന്നേറ്റപ്പോള്‍ അമ്മയെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയതായി അറിയിക്കുകയായിരുന്നു. സമീനയുടെ ഭര്‍ത്താവ് അയൂബ് മൂന്ന് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്.

ആശുപത്രി അധികൃതര്‍ യുവതി മരിച്ച വിവരം പൊലീസിനെ അറിയിച്ചു. ബാഗില്‍ ഉണ്ടായിരുന്ന ആധാര്‍കാര്‍ഡിലുള്ള വിലാസം ഉപയോഗിച്ച് യുവതിയുടെ സഹോദരനെ പൊലീസ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here