മൊബൈലില്‍ സംസാരിക്കാം,ഇന്റര്‍നെറ്റും

ന്യൂഡല്‍ഹി : ആകാശയാത്രകളില്‍ വോയ്‌സ് ഡാറ്റാ സേവനം ലഭ്യമാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇനി മുതല്‍ ഇന്ത്യയില്‍ എവിടെയും വിമാനത്തില്‍ പറക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും.

വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോഴാണ് യാത്രക്കാര്‍ക്ക് സ്മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കാനാവുക. ഇതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ടെലികോം മന്ത്രാലയവും വിമാന കമ്പനികളും ചേര്‍ന്ന് സാക്ഷാത്കരിക്കും.

ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ അദ്ധ്യക്ഷയായ ഉന്നതാധികാര സമിതിയാണ് വോയ്‌സ്-ഡാറ്റാ സേവനത്തിന് അംഗീകാരം നല്‍കിയത്. ആഭ്യന്തരമന്ത്രാലയവും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും പച്ചക്കൊടി കാണിച്ചതോടെയാണ് തടസങ്ങള്‍ നീങ്ങിയത്.

യാത്രക്കാരുടെ ഏറെക്കാലത്ത ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

സേവനത്തിന് ഈടാക്കുന്ന തുക സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് തീരുമാനമെടുക്കാം. രാജ്യാന്തര തലത്തില്‍ മുപ്പതിലേറെ വിമാന കമ്പനികള്‍ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here