മോദി വാ തുറക്കണമെന്ന് മന്‍മോഹന്‍

ന്യൂഡല്‍ഹി : നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തന്നെ ഉപദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും വാ തുറക്കണമെന്ന് മന്‍മോഹന്‍ സിങ് പരിഹസിച്ചു.

കത്വ, ഉന്നാവ പീഡനകേസുകളില്‍ മോദി പ്രതികരിക്കാന്‍ വൈകിയതിലാണ് മന്‍മോഹന്റെ രൂക്ഷ പ്രതികരണം. സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നു താനെന്ന് മോദി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം ഇപ്പോള്‍ സ്വയം വിലയിരുത്തണമെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇത്തരം ക്രൂരകൃത്യങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകുന്നത് കുറ്റവാളികള്‍ മുതലെടുക്കും. എന്തുചെയ്താലും ഒരു പ്രശ്‌നവുമില്ലെന്ന് അക്രമികള്‍ കരുതും.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍, ഭരണത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച് അനുയായികള്‍ക്ക് ഉചിതമായ സന്ദേശം നല്‍കണം. കത്വ സംഭവം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് വീഴ്ച സംഭവിച്ചതായും മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. മെഹബൂബ മുഫ്തിക്ക് ചിലപ്പോള്‍ സഖ്യകക്ഷിയായ ബിജെപിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാകും.

എട്ടുവയസ്സുകാരിയെ ഒരാഴ്ച ക്ഷേത്രത്തില്‍ താമസിപ്പിച്ച് പീഡിപ്പിച്ച സംഭവത്തെ മെഹബൂബ അപലപിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നതായി മന്‍മോഹന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here