വിവാഹ ദിവസം പാചകക്കാരനെ കാണാനില്ല

കൊച്ചി :വിവാഹ ദിവസം ആരെയും അറിയിക്കാതെ പാചകക്കാരന്‍ അപ്രത്യക്ഷനായതോടെ കല്ല്യാണ സദ്യ നല്‍കാന്‍ കഴിയാതെ വീട്ടുകാര്‍ അങ്കലാപ്പിലായി. കൊച്ചി പനങ്ങാടാണ് കല്യാണ ദിവസം പാചകക്കാരന്‍ മുങ്ങിയത്. തലേന്ന് രാത്രി വരെ പാചകം തയ്യാറാക്കുന്നതില്‍ വ്യാപൃതനായിരുന്ന വ്യക്തിക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കും ഒരു പിടിയുമില്ല.

പ്രദേശത്തെ വീടുകളില്‍ സ്ഥിരമായി വിശേഷ ദിവസങ്ങളില്‍ പാചകം ചെയ്യാറുള്ള വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഏക മകളുടെ വിവാഹത്തിന് വേണ്ടിയുള്ള വിവാഹ സദ്യ ഒരുക്കാന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ തന്നെ
എല്‍പ്പിച്ചത്. എന്നാല്‍ വിവാഹ ദിവസം രാവിലെ പൊടുന്നനെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

സമയത്തിന് ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്ഷണിച്ച് വരുത്തിയവര്‍ക്ക് മുന്നില്‍ അപമാനിതരാകേണ്ടി വന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്. ഒടുവില്‍ പ്രദേശത്തെ യുവാക്കളാണ് വിവാഹസദ്യക്ക് വേണ്ട വിഭവങ്ങള്‍ പുറത്ത് നിന്നും എത്തിച്ച് നല്‍കിയത്. പാതി വെന്ത ചോറും മുറിച്ചിട്ട പച്ചക്കറികളും അതേ പടി തന്നെ പാചകത്തിനായി പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് കിടക്കുകയാണ്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാചകക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പാചകക്കാരനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ ഫോണും സ്വച്ച് ഓഫാണ്.

LEAVE A REPLY

Please enter your comment!
Please enter your name here