ചരിത്രം തിരുത്താനൊരുങ്ങി ത്രിപുര

അഗര്‍ത്തല :ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ഭരണകക്ഷിയായ സിപിഎം ത്രിപുരയില്‍ എട്ടാമതും അധികാരത്തില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. എന്നാല്‍  ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയുമായി കടുത്ത പോരാട്ടമാണ് സംസ്ഥാനത്ത് സിപിഎം കാഴ്ച്ച വെക്കുന്നത്.

60 നിയമസഭാ സീറ്റുകളാണ് ത്രിപുരയില്‍ ആകെയുള്ളത്. ആദ്യ ഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 39 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു. ഭരണ കക്ഷിയായ സിപിഎമ്മിന്റെ  ലീഡ് നില 32 ല്‍ നിന്നും 20 ലേക്ക്  ചുരുങ്ങി.ഉച്ചയോടെ മൂന്ന് സംസ്ഥാനങ്ങളിലെയും ഫലങ്ങളുടെയും പൂര്‍ണ്ണ ചിത്രം വ്യക്തമാകും.

2013 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളില്‍ ജയിച്ചായിരുന്നു സിപിഎം ത്രിപുരയില്‍ അധികാരത്തിലേറിയത്. മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരിന്റെ സംസ്ഥാനത്തുള്ള പ്രതിഛായയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്. എന്നാല്‍ ഈ വ്യക്തി പ്രഭാവത്തെ പോലും നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ഇത്തവണ സംസ്ഥാനത്ത് ബിജെപി കാഴ്ച്ച വെക്കുന്നത്.

എട്ടാമതും അധികാരത്തിലെത്താമെന്ന സിപിഎമ്മിന്റെ മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുവാന്‍ പാകത്തിലാണ് സംസ്ഥാനത്ത് ബിജെപി മുന്നേറുന്നത്. ഇത് സിപിഎം ക്യാമ്പുകളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഫലം മാറിമറിയാന്‍ തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി ആഹ്ലാദ പ്രകടനങ്ങള്‍ക്കായി  തെരുവുകളില്‍ എത്തിച്ചേരുവാന്‍ തുടങ്ങി

ഫലസൂചനകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ത്രിപുരയിലെ ബിജെപി നേതാവ് ഹിമാന്ത ബിശ്വാസ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here