വിദേശ വനിതയുടെ കൊലപാതകം ;രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :വിദേശ വനിതയെ കോവളം തിരുവല്ലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നീ പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവര്‍ നേരത്തെ തന്നെ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. ബലാത്സംഗത്തിന് ശേഷമാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശംസിച്ചു. കഴിയാവുന്നതും വേഗത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ബെഹ്‌റ സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്നും അറിയിച്ചു. അവശ്യമെങ്കില്‍ വിദേശ വനിതയുടെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്ത് അയക്കാമെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

പിടിയിലായവരില്‍ ഉമേഷാണ് മുഖ്യ പ്രതി. ഇയാള്‍ ഇതിന് മുന്‍പും ഈ കണ്ടല്‍ക്കാട്ടിനുള്ളില്‍ വെച്ച് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് സംഘം വ്യക്തമാക്കി. മാര്‍ച്ച് 11 ന് വൈകുന്നേരം പനത്തുറയിലെ ഒരു ക്ഷേത്ര പരിസരത്ത് വെച്ചാണ് പ്രതികള്‍ ലാത്വിയന്‍ സ്വദേശിനിയെ കണ്ടു മുട്ടുന്നത്.

ബോട്ടിംഗ് നടത്താമെന്നും കഞ്ചാവ് നല്‍കാമെന്നും പറഞ്ഞാണ് ഇവരെ തിരുവല്ലം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവിടെ വെച്ച് കഞ്ചാവ് നല്‍കിയതിന് ശേഷം യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ജാക്കറ്റ് പ്രതി ഉദയന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here