സീറ്റ് കിട്ടാത്ത ബിജെപി നേതാവ് പൊട്ടിക്കരഞ്ഞു

കല്‍ബുര്‍ഗി :മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. കര്‍ണ്ണാടകയിലെ നോര്‍ത്ത് കല്‍ബുര്‍ഗി മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാവായ ശശില്‍ നാമോഷിയാണ് മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞത്.

കര്‍ണ്ണാടക നിയമാസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ചയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം പുറത്ത് വിട്ടത്. നോര്‍ത്ത് കല്‍ബുര്‍ഗി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് സാധ്യത കല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ മറ്റൊരു പ്രാദേശിക നേതാവായ ചന്ദ്രകാന്തിനാണ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ശശില്‍ നാമോഷിക്ക് തന്റെ വികാരം നിയന്ത്രിക്കാനായില്ല. വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ശശില്‍ നാമോഷി പൊട്ടിക്കരയുകയായിരുന്നു.

1992 മുതല്‍ താന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി നടത്തിയ രഹസ്യ സര്‍വേയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതയില്‍ തനിക്കാണ് മുന്‍തൂക്കം ലഭിച്ചതെന്നും ശശില്‍ നാമോഷി പറഞ്ഞു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നതായും ഇനിയുള്ളത് ജനങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നതായും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടക ഉപരിസഭയിലെ മുന്‍ ബിജെപി എംഎല്‍സി കൂടിയായിരുന്നു ശശില്‍ നാമോഷി.

LEAVE A REPLY

Please enter your comment!
Please enter your name here