ജനാധിപത്യം ഭീഷണിയില്‍, കാര്യങ്ങള്‍ ശരിയായ നിലയിലല്ല : തുറന്നടിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍

ഡല്‍ഹി :സുപ്രീം കോടതിയില്‍ അസാധാരണ സംഭവ വികാസങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി വളപ്പില്‍ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ പരാമാര്‍ശങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ലഗോയ്, മദന്‍ ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പിലെത്തി തങ്ങളുടെ അതൃപ്തി അറിയിച്ചത്.

ഏതൊരു രാജ്യത്തെ സംബന്ധിച്ചെടുത്തോളവും ഇത് ഒരു അസാധാരണ സംഭവമാണ്, പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്താ സമ്മേളനം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും കോടതിയിലെ ഭരണ സംവിധാനം ശരിയായ രീതിയിലല്ല ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ജഡ്ജിമാര്‍ തുറന്നടിച്ചു. ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് മുന്‍പാകെ രേഖാമൂലം അറിയിച്ചതായും ജഡ്ജിമാര്‍ പറഞ്ഞു.

അമിത് ഷായ്‌ക്കെതിരായ സൊറാബ്ദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള കേസ് വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയിലെ ഒരു ജൂനിയര്‍ ജഡ്ജിക്ക് അനുവാദം നല്‍കിയ ചീഫ് ജസ്റ്റിസിന്റെ നടപടിയേയും ജഡ്ജിമാര്‍ വിമര്‍ശിച്ചു . ഈ ഭരണ സംവിധാനം സംരക്ഷിക്കുവാന്‍ വേണ്ടി തങ്ങള്‍ എല്ലാ വിധ ശ്രമങ്ങളും നടത്തിയതായും കോടതി നടപടികള്‍ നീതി പൂര്‍വം നടക്കാത്ത സാഹചര്യത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ഈ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here