സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരന്‍ മരിച്ചു; ബന്ധുവായ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു

എടക്കര: കളിക്കുന്നതിനിടെ, വീട്ടുവളപ്പിലെ കക്കൂസ് ടാങ്കില്‍ വീണ് നാല് വയസ്സുകാരന്‍ മരിച്ചു. കൂടെ വീണ പിതൃസഹോദരീപുത്രി രക്ഷപ്പെട്ടു. പോത്തുകല്ല് ഞെട്ടിക്കുളത്ത് കുഴിങ്ങല്‍ ജാഫറിന്റെ ഏകമകന്‍ മുഹമ്മദ് ഹസ്സന്‍(4) എന്ന ദില്‍ഷാദാണ് മരിച്ചത്. ജാഫറിന്റെ സഹോദരി ഫൗസിയയുടെ മകള്‍ സന ഫാത്തിമ(3) യാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പോത്തുകല്ല് ഹോളി എയ്ഞ്ചല്‍സ് സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ് മുഹമ്മദ് ഹസന്‍. കളിക്കുന്നതിനിടെ കുട്ടികള്‍ സ്ലാബിന് മുകളില്‍ കയറിയതോടെയാണ് അപകടം സംഭവിച്ചത്. ആദ്യം കുഴിയില്‍ വീണ മുഹമ്മദ് ഹസ്സന്റെ തലയ്ക്കു മീതെ സ്ലാബ് പതിച്ചിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുഹമ്മദ് ഹസ്സനെ പുറത്തെടുക്കാന്‍ അരമണിക്കൂറോളം താമസം നേരിട്ടു. അതിനിടയില്‍ മരിച്ചിരുന്നു. സന ഫാത്തിമയെ പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാഫറിന്റെ വീട്ടില്‍ വിരുന്നിനു വന്നതായിരുന്നു സഹോദരി ഫൗസിയയും മകളും.

LEAVE A REPLY

Please enter your comment!
Please enter your name here