ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന് പിഴ

പാരീസ് :കഠിനദ്ധ്വാനം ചെയ്തതിനെ തുടര്‍ന്ന് ബേക്കറി ജീവനക്കാരന് കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിച്ചു. ഫ്രാന്‍സിലെ ഒരു ലേബര്‍ കോടതിയാണ് ഈ വിചിത്ര വിധിയിലൂടെ വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഫ്രാന്‍സിലെ ലൂസിഗനി സര്‍ബേസിലുള്ള ബാക്കെയ് തടാകത്തിനടത്ത് ബേക്കറി നടത്തുന്ന സെഡ്രിക് വേവ്‌റേ എന്ന വ്യക്തിക്കാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിനെ തുടര്‍ന്ന് പിഴ അടക്കേണ്ട ദുര്യോഗത്തില്‍ എത്തപ്പെട്ടത്.

വേനല്‍ക്കാലമായാല്‍ ബാക്കേയ് തടാകം സഞ്ചാരികളെ കൊണ്ട് നിറയും. അതു കൊണ്ട് തന്നെ ആ സമയം പ്രദേശത്തെ കച്ചവടക്കാര്‍ക്ക് ചാകരയാണ്. സഞ്ചാരികളുടെ വര്‍ദ്ധിച്ച് വരുന്ന തിരക്ക് കാരണം ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ സെഡ്രിക് ഈ സമയങ്ങളില്‍ ആഴ്ചയില്‍ ഒരു അവധി പോലും എടുത്തിരുന്നില്ല. മാസങ്ങളോളം ഇദ്ദേഹം ഈ രീതിയില്‍ ജോലി ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി ഇയാളെ വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഫ്രാന്‍സില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാണ്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ മാസങ്ങളോളം ജോലിക്ക് വന്നു, അധിക സമയം ജോലി ചെയ്തു എന്നിവയാണ് സെഡ്രിക്കിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. 3000 യൂറോ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

അതായത് ഇന്ത്യന്‍ രൂപ രണ്ട് ലക്ഷത്തിനും മേലെ. വിചിത്രമായ ഈ ശിക്ഷയില്‍ പ്രതികരണവുമായി നിരവധി പേരാണ്, ഫ്രാന്‍സില്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി രംഗത്തെത്തുന്നത്. ബേക്കറി അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ അദ്ധ്വാന ശീലം ഇല്ലാതാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരം നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗവും.

LEAVE A REPLY

Please enter your comment!
Please enter your name here