കൈക്കുഞ്ഞുമായി യുവതി; ചാടിവീണ് ചീറ്റപ്പുലികള്‍

നെതര്‍ലാന്‍ഡ്‌സ് : വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ച് പിഞ്ചുകുഞ്ഞിനൊപ്പം ചിത്രമെടുക്കാന്‍ ശ്രമിച്ച കുടുംബത്തിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെതര്‍ലാന്‍ഡ്‌സിലെ സഫാരി പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് കൈക്കുഞ്ഞുള്ള യുവദമ്പതികളെ ചീറ്റപ്പുലികള്‍ ആക്രമിക്കാന്‍ മുതിര്‍ന്നത്.

ബീക്ക്‌സ് ബെര്‍ഗന്‍ പാര്‍ക്കിലാണ് കുടുംബം മരണത്തെ മുഖാമുഖം കണ്ടത്. മൂന്നുവയസ്സുകാരനൊപ്പം ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. കാറില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ അതെല്ലാം അവഗണിച്ചാണ് കുടുംബം ചിത്രമെടുക്കാന്‍ ശ്രമിച്ചത്. ചീറ്റപ്പുലികള്‍ പിന്‍തുടര്‍ന്നതും ഇവര്‍ ഓടി കാറില്‍ കയറുകയായിരുന്നു. ചീറ്റപ്പുലികളിലൊന്ന് കാറിന് അടുത്തുവരെയെത്തി ആക്രമിക്കാന്‍ മുതിര്‍ന്നു.

എന്നാല്‍ ഇവര്‍ കാറില്‍ കയറി വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണാന്‍ അവസരമുള്ളതാണ് ഈ പാര്‍ക്ക്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here