ഫ്രഞ്ച് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ഫ്രഞ്ച് വനിതയെ ട്രെയിനിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഞായറാഴ്ച ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് 29കാരിയായ ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതി.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു യുവതിക്കെതിരെ അതിക്രമം അരങ്ങേറിയത്. വൈകുന്നേരം 7.30ന് റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുമായാണ് യുവതിയും സുഹൃത്തും ട്രെയിനില്‍ കയറിയത്. രാത്രി 11.30ഓടെ ട്രെയിന്‍ പകുര്‍ സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ ഒരു യുവാവ് ഇവരുടെ അടുത്തെത്തി. താന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങുമെന്നും വേണമെങ്കില്‍ തന്റെ ബര്‍ത്ത് ഉപയോഗിക്കാമെന്നും യുവതിയോട് പറഞ്ഞു.

തുടര്‍ന്ന് യുവതി ബര്‍ത്തില്‍ കയറിക്കിടന്നു. അല്‍പ്പനേരം കഴിഞ്ഞ് ഈ യുവാവ് തന്നെ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന വിദേശ വനിതയ്ക്ക് അടുത്തെത്തി ശല്ല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. ശല്ല്യം അസഹ്യമായപ്പോള്‍ യുവതി ബഹളം വെക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് മറ്റ് യാത്രക്കാരും യുവതിയുടെ സുഹൃത്തും ചേര്‍ന്ന് യുവാവിനെ പിടിച്ചുവെച്ച് ട്രെയിനിലുണ്ടായിരുന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലൈംഗിക അതിക്രമത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here