പഴക്കച്ചവടക്കാരനില്‍ നിന്നും അഭിഭാഷകനിലേക്ക്

ഹല്‍ദ്വാനി :ഒരു പഴക്കച്ചവടക്കാരനില്‍ നിന്നും അഭിഭാഷക ജോലിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഈ വ്യക്തി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയായ ധര്‍മ്മേന്ദ്ര കുമാറാണ് കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ഈ സവിശേഷ നേട്ടം കൈവരിച്ച് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നത്. ഉത്തരാഖണ്ഡിലെ രുദ്രാപുര യുണിറ്റി ലോ കോളജില്‍ നിന്നും നിയമ ബിരുദത്തിനായുള്ള അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ധര്‍മ്മേന്ദ്ര കുമാര്‍.

പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുവാന്‍ വേണ്ടിയാണ് താന്‍ അഭിഭാഷകനാവുന്നതെന്നാണ് ധര്‍മ്മേന്ദ്ര കുമാര്‍ പറയുന്നത്. പഴക്കച്ചവടം നടത്തുന്നതിനൊപ്പം തന്നെയായിരുന്നു ധര്‍മ്മേന്ദ്രയുടെ പഠനവും. മിക്കപ്പോഴും പഠിക്കാനുള്ള പുസ്തകങ്ങളും ഇദ്ദേഹം കച്ചവടത്തിന് പോകുമ്പോള്‍ കൂടെ കൊണ്ടു പോകുമായിരുന്നു.

അഭിഭാഷകനാകണമെന്നുള്ള ഉറച്ച നിശ്ചയ ദാര്‍ഢ്യമായിരുന്നു ധര്‍മ്മേന്ദ്രയെ ഈ ഉയരങ്ങള്‍ കീഴടക്കാന്‍ മുന്നോട്ട് നയിച്ചത്. ഇത്രയും ഉറച്ച തീരുമാനം എടുക്കുന്നതിന് പിന്നില്‍ ഒരു ചെറിയ ജീവിത കഥ കൂടി ധര്‍മ്മേന്ദ്രയ്ക്ക് പറയാനുണ്ട്. 2012 ല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ ഒരു പാവപ്പെട്ട കുടുംബത്തിന് വേണ്ടി പക്ഷം പിടിച്ച് സ്ത്രീധന തുകയെ സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെടുകയും അവസാനം ചുറ്റും കൂടി നിന്നവരുടെ മുന്നില്‍ അപമാനിക്കപ്പെട്ടതുമാണ് ധര്‍മ്മേന്ദ്രയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. പാവങ്ങള്‍ക്ക് നീതി വാങ്ങിച്ചു കൊടുക്കുകയാണ് തന്റെ അഭിഭാഷക വൃത്തിയുടെ ലക്ഷ്യമെന്നും ധര്‍മ്മേന്ദ്ര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here