ഗെയിം കളിച്ച് അരയ്ക്കുതാഴെ തളര്‍ന്നു

ബീജിങ് : തുടര്‍ച്ചയായി 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന്റെ അരയ്ക്കുതാഴെ തളര്‍ന്നു. ചൈനയിലെ ഷീജിയാങ് പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം.

ഇന്റര്‍നെറ്റ് കഫേയിലിരുന്ന്‌ ഗെയിം കളിച്ച യുവാവിനാണ് ഈ അപകടം ഉണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 27 ന് വൈകീട്ടാണ് ഇയാള്‍ കഫേയില്‍ പ്രവേശിക്കുന്നത്.

തുടര്‍ന്ന് പിറ്റേന്ന് ഉച്ചവരെ ഇയാള്‍ തുടര്‍ച്ചയായി ഗെയിം കളിച്ചുകൊണ്ടിരുന്നു. എന്നാല്‍ ശുചിമുറിയില്‍ പോകാനായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്ക് താഴെ ചലനശേഷിയില്ലെന്ന് തിരിച്ചറിയുന്നത്.

തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി ആംബുലന്‍സ് ഏര്‍പ്പാടാക്കി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിട്ടും ഗെയിമിനോടുള്ള ഇയാളുടെ ആസക്തിക്ക് യാതൊരു കുറവുമുണ്ടായില്ല.

തന്റെ ഗെയിം പൂര്‍ത്തീകരിക്കാന്‍ സുഹൃത്തിനോട് ഇയാള്‍ അപേക്ഷിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ മൊബൈലില്‍ വീഡിയോ ഗെയിം കളിച്ച 21 കാരിക്ക് കഴിഞ്ഞ വര്‍ഷം കാഴ്ച നഷ്ടമായിരുന്നു.

ഗെയിം അഡിക്ഷനെ ചൈനീസ് അധികൃതര്‍ ഡിജിറ്റല്‍ ഹെറോയിന്‍ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. 565 മില്യണ്‍ ആളുകള്‍ ചൈനയില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമകളാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here