നട്ടുച്ചയ്ക്ക് മുപ്പതുകാരനെ വെടിവെച്ച് കൊന്നു; ശരീരത്തില്‍ പതിച്ചത് പതിനഞ്ചോളം ബുള്ളറ്റുകള്‍

ഡല്‍ഹി: നട്ടുച്ചയ്ക്ക് വഴിയരികില്‍ ആളുകള്‍ നോക്കി നില്‍ക്കെ മുപ്പതുകാരനെ ഒരു സംഘം വെടിവെച്ചു കൊന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭര്‍ധ്വാജ് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ക്രിമിനലുകളില്‍ ഒരാളായ ജിതേന്ദ്രര്‍ ഏലിയാസ് ഗോജിയും സംഘവുമാണ് ഇയാളെ വെടിവെച്ചു കൊന്നത്. കാറിലെത്തിയ ഇവര്‍ യുവാവിന്റെ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. പതിനഞ്ചോളം ബുള്ളറ്റുകളാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചത്.
നാലു മാസത്തിനിടെ ജിതേന്ദ്രര്‍ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. മാര്‍ക്കറ്റില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു ഭര്‍ധ്വാജിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെടി ശബ്ദം കേട്ടപ്പോള്‍ ജനങ്ങള്‍ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ധ്വാജിനെ ആശുപത്രിയില്‍ എത്തുക്കുന്നതിനു മുമ്പു തന്നെ കൊല്ലപ്പെട്ടിരുന്നെന്ന് രോഹിണിയിലെ ഡിസിപി രന്‍ജേഷ് ഗുപ്ത അറിയിച്ചു. സംഭവത്തില്‍ ജിതേന്ദ്രറിനെതിരെ പോലീസ് കേസെടുത്തു. അതേസമയം കൊല്ലപ്പെട്ട ഭര്‍ധ്വാജ് നേരത്തെ, ഗോഗിയുടെ കൂട്ടാളിയായിരുന്നെന്നും അയാളൊടൊപ്പം ചേര്‍ന്ന് ഡല്‍ഹി, ഹരിയാന ഭാഗങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് രണ്ടു കുട്ടികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. നേരത്തെ, 2014ല്‍ ഭരദ്വാജ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തിരുന്നു. 2013ല്‍ ഇയാളെ പിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലീസ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. 2015ല്‍ ഇയാള്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ ഭരദ്വാജ് ഗോജിയുമായി സാമ്പത്തിക തര്‍ക്കമുണ്ടായതിന്റെ പേരില്‍ വഴക്കിട്ട് പിരിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here