19 മില്ല്യണ്‍ റിയാല്‍ കൊള്ളയടിച്ച ഗുണ്ടാസംഘം പിടിയില്‍

ജിദ്ദാ :എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ വരുന്ന വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ സൗദി പൊലീസ് വിദഗ്ധമായി കുടുക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 8 ാം തീയ്യതിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഖാലിദ് ബിന്‍ അല്‍ വാലിദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന പണം നിറച്ച വാഹനമാണ് മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചത്.

കറുത്ത ഷവര്‍ലേറ്റ് കാറിലെത്തിയാണ് മൂന്നംഗ സംഘം ഈ വാഹനത്തെ തടഞ്ഞു നിര്‍ത്തിയത്. ശേഷം വാഹനത്തിലുള്ളവര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയും പണവുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. 19 മില്ല്യണ്‍ സൗദി റിയാലാണ് ഇവര്‍ വാഹനത്തിനുള്ളില്‍ നിന്നും അപഹരിച്ചത്.

സംഭവത്തില്‍ പണം നിറച്ച വാഹനത്തിലുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട യെമന്‍ സ്വദേശിയെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടത്തിയതിന് ശേഷം ആഡംബര ജീവിതമായിരുന്നു ഇയാള്‍ സൗദിയില്‍ നയിച്ചു വന്നിരുന്നത്.

കൂടാതെ വിലപിടിപ്പുള്ള കാറും ഇയാള്‍ സ്വന്തമാക്കി. ഇതാണ് പൊലീസിന് സംശയം ഉളവാക്കിയത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അല്‍ താവുനിലെ ഇയാളുടെ വീട്ടില്‍ നിന്നും 8 മില്ല്യണ്‍ സൗദി റിയാല്‍ കണ്ടെടുത്തു. ഒരു കറുത്ത ഷവര്‍ലേറ്റ് കാര്‍ ഇയാള്‍ എപ്രീല്‍ മാസത്തില്‍ വാടകയ്ക്ക് എടുത്തിരുന്നതായും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

തുടര്‍ന്ന് ഇയാളുടെ രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി. 15 മില്ല്യണ്‍ റിയാല്‍ സംഘത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ നാല് നമ്പര്‍ പ്ലേറ്റുകള്‍, രണ്ട് തോക്ക്, 9 മൊബൈല്‍ ഫോണ്‍, ഒരു ഡ്രോണ്‍, 9 യെമന്‍ പാസ്‌പോര്‍ട്ടുകള്‍, 2 ലാപ്‌ടോപ് എന്നിവയും പൊലീസ് ഈ സംഘത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here