സിറിയന്‍ സര്‍ക്കാരിന്റെ വഞ്ചന

ദമാസ്‌കസ് :വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും അവകാശ വാദങ്ങള്‍ തീര്‍ത്തും പ്രഹസനമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ രംഗത്ത്.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് അടുത്തുള്ള കിഴക്കന്‍ ഗൗത്തയിലാണ് വിമതരെ ഉന്‍മൂലനം ചെയ്യുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും ബോംബാക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ വിമതര്‍ക്ക് പകരം നിരപരാധികളായ പ്രദേശവാസികളാണ് ദിനം പ്രതി ഭരണകൂട ഭീകരതയ്ക്കിരയാകുന്നത്.

2013 മുതല്‍ കിഴക്കന്‍ ഗൗത്ത വിമതരുടെ പിടിയിലാണ്. ആസദ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി വിമതര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും കയ്യടക്കി വെച്ചിരുന്നു എന്നാല്‍ 2015 ല്‍ റഷ്യയുടെ കൂടി സഹായത്തോടെ അസദ് ഭരണകൂടം രാജ്യത്തിന്റെ പല ഭാഗത്തുമുള്ള വിമത ശക്തികളെ അമര്‍ച്ച ചെയ്യുന്നതില്‍ വിജയിച്ചു.

അപ്പോഴും കിഴക്കന്‍ ഗൗത്ത വിമതരുടെ ശക്തി കേന്ദ്രമായി തന്നെ നില കൊണ്ടു. ഇതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരി 18 തൊട്ട് ഗൗത്ത തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സിറിയന്‍ സര്‍ക്കാരും റഷ്യയും ആക്കം കൂട്ടിയത്.

2017 ല്‍ ഇവിടെ നടന്ന ബോംബാക്രമണത്തില്‍ 19 മാര്‍ക്കറ്റുകളും, ആറ് മെഡിക്കല്‍ സെന്ററുകളും ആറ് സ്‌കൂളുകളും പത്ത് പ്രതിരോധ കേന്ദ്രങ്ങളും നശിക്കപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

ഫെബ്രുവരി 18 തൊട്ട് തുടങ്ങിയ ആക്രമത്തില്‍ ലഭിച്ച കണക്കുക്കള്‍ ആനുസരിച്ച് 500 ലധികം പേര്‍ മരണപ്പെട്ട് കഴിഞ്ഞു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ഫെബ്രുവരി 24 ന് ഐക്യരാഷ്ട്ര സഭ പ്രദേശ വാസികള്‍ക്ക് ഒഴിഞ്ഞ് പോകുവാന്‍ 30 ദിവസത്തെ യുദ്ധ വിരാമം പ്രഖ്യാപിച്ചെങ്കിലും അത് ഒരു മണിക്കൂറിനുള്ളില്‍ ലംഘിക്കപ്പെട്ടു. പ്രദേശത്തെ 40000 വരുന്ന സാധാരണക്കാരെ ഒഴിപ്പിക്കുവാനായി എല്ലാ ദിവസവും നാല് മണിക്കൂര്‍ വീതം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന റഷ്യയുടെ ഉറപ്പും വെറും പ്രഹസനമായി മാറിയെന്ന് ഇവര്‍ ആരോപിക്കുന്നു.

syria

LEAVE A REPLY

Please enter your comment!
Please enter your name here