ഒരു ജിറാഫ് പറ്റിച്ച പണി

ലണ്ടന്‍ :കാറിനുള്ളില്‍ തലയിടാന്‍ ശ്രമിച്ച ജിറാഫിന്റെ വീഡിയോ വൈറലാവുന്നു, ബ്രിട്ടനിലെ മിഡ് ലാന്‍ഡ് സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് ദൃശ്യങ്ങളുടെ ഭയാനകതയാല്‍ ഏവരിലും ഭീതി ജനിപ്പിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ ഒരു കുടുംബത്തിന്റെ വാഹനത്തിന് അകത്തേക്കായിരുന്നു ജിറാഫ് തലയിട്ട് നോക്കിയത്.

ആദ്യം ഒരു കൗതുകമായിട്ടാണ് മറ്റു വിനോദ സഞ്ചാരികളും ഈ കാഴ്ച്ചയെ നിരീക്ഷിച്ചത്. ചിരിച്ച് കൊണ്ട് പലരും ഇത് വീഡിയോവില്‍ പകര്‍ത്തുവാനും ആരംഭിച്ചു. എന്നാല്‍ ജിറാഫിന്റെ തല അകത്തേക്ക് കയറി വരുന്നത് കണ്ട വാഹനത്തിലുള്ള യുവതി പതിയെ പരിഭ്രാന്തയായി.

അവര്‍ ധൃതിയില്‍ കാറിന്റെ ചില്ലുകള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇത് കാണുമ്പോള്‍ ജിറാഫ് തല പുറത്തേക്ക് വലിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ജിറാഫ് തല ചലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു വീണു. പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു ജനലുകള്‍ തകര്‍ന്നത്.

തലനാരിഴയ്ക്കാണ് വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചുറ്റും കൂടി നിന്നവരിലും പെട്ടെന്ന് തന്നെ ഈ കാഴ്ച്ച കൗതുകത്തില്‍ നിന്നും ഞെട്ടലിലേക്ക് വഴിമാറി. ഉടന്‍ തന്നെ മൃഗശാല അധികൃതര്‍ എത്തി ജിറാഫിനെ ഭക്ഷണം കാണിച്ച് മെരുക്കി കൊണ്ടു പോയി. സാരമായ പരിക്കുകളൊന്നും ഭാഗ്യത്തിന് യുവതിക്ക് സംഭവിച്ചിട്ടില്ല.

പാര്‍ക്കിനുള്ളില്‍ സഫാരി നടത്തുമ്പോള്‍ കാറിന്റെ ജനലുകള്‍ അടച്ചിടണമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് പാലിക്കാഞ്ഞതാണ് സന്ദര്‍ശകര്‍ക്ക് വിനയായത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here