യുവ എംഎല്‍എയെ ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടാന്‍ പെണ്‍കുട്ടി നടത്തിയ ഗൂഢനീക്കങ്ങള്‍ പൊലീസ് തകര്‍ത്തു

ഭോപ്പാല്‍ :എംഎല്‍എയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് വിദഗ്ധമായി കുടുക്കി. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ആയ ഹേമന്ത് കട്ടാരെയെയാണ് ഒരു പിജി വിദ്യാര്‍ത്ഥിനി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചത്. രണ്ട് കോടി രൂപ തന്നിലെങ്കില്‍ ഹേമന്ത് തന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് വീഡിയോ ഇറക്കും എന്നായിരുന്നു പെണ്‍കുട്ടിയുടെ ഭിഷണി.ആദ്യമൊക്കെ എംഎല്‍എ സംഭവം തമാശയാണെന്ന് കരുതിയെങ്കിലും വീഡിയോ കയ്യില്‍ കിട്ടിയതോടെ കളി കാര്യമാണെന്ന് മനസ്സിലായി. ഹേമന്ത് തന്റെ ജീവിതം നശിപ്പിച്ച വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ഉന്നത നേതാക്കളോടോയി പെണ്‍കുട്ടി കരഞ്ഞു പറയുന്ന തരത്തിലായിരുന്നു വീഡിയോ. ഈ വീഡിയോ പുറത്ത് വരാതിരിക്കാന്‍ രണ്ട് കോടി രൂപ നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.എംഎല്‍എ ഉടന്‍ തന്നെ ഈ വീഡിയോയുമായി ഉന്നത പൊലീസ് അധികാരികളെ ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കാം എന്ന് ഹേമന്ത് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു പ്രകാരം പറഞ്ഞുറപ്പിച്ച സ്ഥലത്ത് പണം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഒളിച്ചിരുന്ന പൊലീസ് സംഘം പിടികൂടി. താന്‍ ഭോപ്പാലില്‍ പിജി വിദ്യാര്‍ത്ഥിയാണെന്നും അതി വേഗത്തില്‍ പ്രശസ്തയാകുവാന്‍ വേണ്ടി ആദ്യം ഹേമന്തിനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഹേമന്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നറിഞ്ഞതിനെ തുടര്‍ന്നാണ് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാമെന്ന് തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മധ്യപ്രദേശിലെ അടാര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ഹേമന്ത് കട്ടാരെ.

LEAVE A REPLY

Please enter your comment!
Please enter your name here