അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഗാസിയാബാദ് :അധ്യാപികയുമായുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ എതിര്‍ത്തതിന് പെണ്‍കുട്ടി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കേസില്‍ പ്രതികളായ 21 വയസ്സുകാരി രേഷ്മ റാണയേയും അധ്യാപിക നിഷാ ഗൗതമിനേയും ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 9 ാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം.

അധ്യാപികയുമായുള്ള അതിര് വിട്ട ബന്ധത്തെ ചൊല്ലി രേഷ്മയും അമ്മയായ പുഷ്പജ ദേവിയുമായി നിരന്തരം വീട്ടില്‍ വഴക്കിടാറുണ്ടായിരുന്നു. ഇതില്‍ സഹികെട്ട രേഷ്മ അധ്യാപികയേയും കൂട്ടി അമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ വെച്ച് ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ പുഷ്പജ ദേവിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ഏറെ നാളത്തെ ചികിത്സകള്‍ക്ക് ശേഷം ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. പുഷ്പജ ദേവിയുടെ ഭര്‍ത്താവ് സതീഷ് റാണ മാര്‍ച്ച് 9 ന് തന്നെ മകള്‍ക്കും അധ്യാപികയ്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സതീഷ് റാണ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇവര്‍ പുഷ്പജ ദേവിയെ ആക്രമിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here