‘കേണപേക്ഷിച്ചിട്ടും വിട്ടില്ല, ക്രൂരമായി പീഡിപ്പിച്ചു’

ന്യൂഡല്‍ഹി: 14 ാം വയസ്സിലാണ് ഞാന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടുടമയില്‍ നിന്നായിരുന്നു കൊടും ക്രൂരത. അയാള്‍ എനിക്കെന്റെ ചേട്ടനെ പോലെയായിരുന്നു. അയാളോട് സംസാരിക്കാനും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴൊക്കെ അമ്മ എന്നെ ഒരുപാട് തവണ താക്കീത് ചെയ്തിരുന്നെങ്കിലും ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ അതിന് എന്റെ ജീവിതം തന്നെയാണ് വിലനല്‍കേണ്ടി വന്നത്.

2015 ഒക്ടോബറില്‍ ഒരു ദിവസം ഇച്ചകഴിഞ്ഞപ്പോഴാണ് ഞാന്‍ പിച്ചിച്ചീന്തപ്പെട്ടത്. വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിമാരും ഉത്തര്‍പ്രദേശില്‍ ഒരു വിവാഹത്തിന് പോയിരിക്കുകയായിരുന്നു പരീക്ഷയ്ക്ക് പഠിക്കേണ്ടതിനാല്‍ ഞാന്‍ വീട്ടിലിരിക്കുകയായിരുന്നു. പെട്ടെന്നാണ് കോളിങ് ബെല്ലടിഞ്ഞത്. വാതില്‍ക്കല്‍ അയാളെ കണ്ട് ഞാന്‍ ചിരിച്ചു. ഒരു ചായ ഉണ്ടാക്കിത്തരാമോയെന്ന് അയാള്‍ ചോദിച്ചു.

ഞാന്‍ അടുക്കളയിലേക്ക് നടന്നതും അയാള്‍ അകത്തുകടന്ന് വാതില്‍ അടച്ചു. അയാള്‍ എന്റെ കൈകളില്‍ കടന്നുപിടിക്കുകയും എന്നെ ഇഷ്മാണെന്നും പറഞ്ഞു. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ടായിരുന്നു. പൊടുന്നനെ ഞാന്‍ ഞെട്ടി. ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്താണ് ഞാന്‍ നിങ്ങളെ കാണുന്നതെന്ന് പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അയാള്‍ എന്നെ വരിഞ്ഞുമുറുക്കി.

എന്നെ വിടാന്‍ കേണപേക്ഷിച്ചിട്ടും അയാള്‍ കൂട്ടാക്കിയില്ല. അയാള്‍ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഞാന്‍ എതിര്‍ത്തെങ്കിലും അയാള്‍ മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. അതോടെ എന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞു. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞാന്‍ കടുത്ത വിഷാദത്തിന് ഇരയായി.

രണ്ട് ദിവസം കഴിഞ്ഞ് മാതാപിതാക്കളും സഹോദരങ്ങളും തിരിച്ചെത്തി. പക്ഷേ എന്നിലെ മാറ്റങ്ങള്‍ ഞാന്‍ അവരില്‍ നിന്ന് മറച്ചുപിടിച്ചു. ഞാന്‍ സ്‌കൂളില്‍ പോകാതായി. എന്റെ ആരോഗ്യം നശിക്കുകയായിരുന്നു. വയറില്‍ വേദനയനുഭവപ്പെടുമായിരുന്നു. എന്നാല്‍ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഏറെ വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. 2016 ജൂണിലെ ഒരു രാത്രിയില്‍ വയറില്‍ കടുത്ത വേദനയുണ്ടായി. അതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു.

ഞാന്‍ 8 മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടെ അച്ഛന്‍ എന്നെ തല്ലി. ഏറെ വൈകിയതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിച്ചെങ്കിലും കുഞ്ഞിനെയോര്‍ത്താണ് വേണ്ടെന്നുവെച്ചത്. തുടര്‍ന്ന് അന്ന് നടന്നതെന്താണെന്ന് മാതാപിതാക്കളോട് വെളിപ്പെടുത്തി.അതോടെ വീട്ടുടമ അറസ്റ്റിലായി. വൈകാതെ ഞാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

എന്നാല്‍ ആ കുഞ്ഞ് 5 നാളുകള്‍ മാത്രമേ എന്നോടൊപ്പമുണ്ടായിരുന്നുള്ളൂ. എനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അധികൃതര്‍ ആ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ എനിക്കൊപ്പം വളരാന്‍ ആരും അനുവദിച്ചില്ല. എന്നാല്‍ ദുരിതം അവിടെ തീര്‍ന്നില്ല. ഞാന്‍ മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് വീട്ടുകാര്‍ എന്നെ അകറ്റുകയുമായിരുന്നു.

ക്രൂരമായ ബലാത്സംഗത്തിനിരയായി ജീവിതം തകര്‍ക്കപ്പെട്ട ആ പെണ്‍കുട്ടി ഇപ്പോള്‍ ഒരു എന്‍ജിഒക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്. അവള്‍ക്ക് പിന്നീട് വിദ്യാഭ്യാസം തുടരാനായില്ല. അവളുടെ പെണ്‍കുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തു. കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കോടതി 10 വര്‍ഷത്തെ തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here