13കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

മിസിസിപ്പി: വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഒന്‍പതുവയസുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മണ്‍റോ കൗണ്ടിയിലാണ് സംഭവം.

വീഡിയോ കണ്‍ട്രോളര്‍ ചോദിച്ചപ്പോള്‍ സഹോദരി നല്‍കാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത സഹോദരന്‍ പതിമൂന്നുകാരിയുടെ തലയ്ക്ക് പിന്നില്‍ തോക്ക് വെച്ച് നിറയൊഴിക്കുകയായിരുന്നു.

പോയിന്റ് 25 കാലിബര്‍ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം. ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേന്ന് ആശുപത്രി കിടക്കയില്‍ തന്നെ മരണമടഞ്ഞു. തലച്ചോറ് തകര്‍ത്തായിരുന്നു വെടിയുണ്ട പാഞ്ഞത്.

കുട്ടികള്‍ വഴക്ക് പിടിക്കുമ്പോള്‍ മാതാവ് ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. സഹോദരിയോട് വഴക്ക് കൂടി പ്രകോപിതനായ കുട്ടി കട്ടിലിന് സമീപം നൈറ്റ് സ്റ്റാന്റില്‍ വെച്ചിരുന്ന തോക്ക് എടുത്തു കൊണ്ടു വരികയും തലയ്ക്ക് പിന്നില്‍ വെടിവെയ്ക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ടെന്നീസിലെ മെംഫിസ് ആശുപത്രിയിലാണ് എത്തിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ഗെയിം കളിക്കുന്ന പ്രായത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു കുറ്റം ചുമത്തണമെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുകയാണ് പോലീസ്. കുട്ടിയുടെ കയ്യില്‍ എങ്ങനെയാണ് തോക്ക് കിട്ടിയതെന്നും കുട്ടിക്ക് ഇതിന്റെ അപകടസാധ്യതയെ കുറിച്ച് ബോധ്യമുണ്ടായിരുന്നോ എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇത്തരം കേസുകള്‍ തങ്ങള്‍ മുമ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ കുട്ടിക്കെതിരെ ഏത് വകുപ്പു ചുമത്തിയാണ് കേസെടുക്കേണ്ടത് എന്ന് തങ്ങളെ അലട്ടുന്നുവെന്നും മണ്‍റോ കൗണ്ടി ഷെരീഫ് സെസില്‍ സാന്‍ഡ്രല്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here