മുസ്ലിം ആണ്‍കുട്ടികള്‍ക്കൊപ്പം മൃഗശാലയിലെത്തിയ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മര്‍ദ്ദനവും അസഭ്യവര്‍ഷവും

മംഗളൂരു : മുസ്ലിം മതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം മൃഗശാലയിലെത്തിയ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനവും അസഭ്യ വര്‍ഷവും. മംഗളൂരുവില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം.ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകരാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്. രണ്ട് പെണ്‍കുട്ടികളാണ് സംഘടനയുടെ സദാചാര പൊലീസിങ്ങിന് ഇരകളായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേര്‍ പൊലീസ് പടിയിലായിട്ടുണ്ട്. സമ്പത്ത് ഷെട്ടി, വരദ, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ യുവാക്കള്‍ പിന്‍തുടരുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുവഴി കടന്നുപോയ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ഒരു സുഹൃത്തിന്റെ ജന്‍മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിനികളും ആണ്‍കുട്ടികളും മൃഗശാലയിലെത്തിയത്. എന്നാല്‍ ഈ വിവരം മനസ്സിലാക്കിയ സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഇവരെ പിന്‍തുടര്‍ന്ന് അസഭ്യ വര്‍ഷം നടത്തി ആക്രമിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു പൊലീസുകാരന്റെ സാന്നിധ്യത്തിലും വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here