ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ആള്‍ദൈവം ആശാറം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. മറ്റ് രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിധിച്ചു. മൂവരും കുറ്റക്കാരാണെന്ന് ജോധ്പൂര്‍ വിചാരണ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

പ്രതിചേര്‍ക്കപ്പെട്ട ശരത്, പ്രകാശ് എന്നിവരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. അനുയായികള്‍ കലാപമുണ്ടാക്കിയേക്കാം എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു വിധി പ്രസ്താവം.

ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇതുവരെ ഇദ്ദേഹത്തിന്റെ 12 അനുയായികള്‍ പിടിയിലായിട്ടുണ്ട്. ഉത്തര്‍പ്രദേശ് സഹാരന്‍പൂരില്‍ നിന്നുള്ള 16 കാരിയെയാണ് ആശാറം ജോധ്പൂരിലെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ചത്.

2013 ആഗസ്ത് 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തു. 2013 സെപ്റ്റംബര്‍ ഒന്നിനാണ് ആശാറാം പിടിയിലാകുന്നത്.

സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ 12 തവണ ആശാറാം ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് പുറമെ പോക്സോ നിയമ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.

അതേസമയം കേസിലെ സാക്ഷികളില്‍ 3 പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും 9 പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും ആശാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here