വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട

ഡല്‍ഹി :3 കോടി രൂപ വില വരുന്ന സ്വര്‍ണ്ണക്കട്ടികള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. ടെര്‍മിനല്‍ മൂന്നിലെ ടോയ്‌ലറ്റിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട ഒരു ബാഗിനുള്ളിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍ ഉണ്ടായിരുന്നത്.

ഒരോന്നിനും ഒരു കിലോയോളം തൂക്കം വരുന്ന ഒന്‍പത് സ്വര്‍ണ്ണക്കട്ടകള്‍ ആണ് കണ്ടെത്തിയത്. ഇവയെല്ലാം കൂടി വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലമതിക്കുമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദമായ നിലയില്‍ ഈ ബാഗ് ടോയ്‌ലറ്റിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് ഈ കാര്യം അധികൃതരെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകളാണെന്ന് കണ്ടെത്തിയത്. സിഐഎസ്എഫ് സ്വര്‍ണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് അധികാരികള്‍ക്ക് കൈമാറി. സുരക്ഷാ പരിശോധനകള്‍ക്കിടെ പിടിക്കപ്പെടുമെന്ന് കരുതിയതിനാല്‍ പ്രതി ഇവ ഉപേക്ഷിച്ച് പോയതാകാമെന്നാണ് അധികൃതരുടെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളിലാണ് സിഐഎസ്എഫ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here