വിമാനത്തില്‍ നിന്നും സ്വര്‍ണ്ണ മഴ

യാക്കുഷ്‌ക് :ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയിലേക്ക് ഒഴുകി. റഷ്യയിലെ യാക്കുഷ്‌ക് വിമാനത്താവളത്തിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

നിംബൂസ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള aN-12 എന്ന കാര്‍ഗോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ കാര്‍ഗോയിലുള്ള വാതില്‍ പാളി അടര്‍ന്ന് വീഴുകയായിരുന്നു.

തുടര്‍ന്ന് 378 മില്ല്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണവും പ്ലാറ്റിനവും വജ്രവും റണ്‍വേയില്‍ ചിതറി കിടന്നു. മൊത്തം ഒമ്പത് ടണ്ണിന്റെ അമൂല്യ ലോഹങ്ങളാണ് റണ്‍വേയിലും അടുത്തുള്ള മണ്ണിലും ചിതറികിടക്കുന്നത്. റണ്‍വേയില്‍  ചിതറി കിടന്ന അമൂല്യ ലോഹങ്ങള്‍ വിമാനത്താവള അധികൃതര്‍ പെറുക്കിയെടുത്തു സൂക്ഷിച്ചു.

വിമാനത്തിന്റെ വാതില്‍ ജീവനക്കാര്‍ ശരിയായി അടയ്ക്കാഞ്ഞതോ, വാതിലിന് സംഭവിച്ച തകരാറോ, പ്രദേശത്തെ അമിതമായ കാറ്റോ ആകാം ഈ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിമാന ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

ഇനിയും നിരവധി വജ്രങ്ങള്‍ മണ്ണില്‍ വീണു കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. സ്വര്‍ണ്ണവും പ്ലാറ്റിനവും വലിയ കട്ടകളായിട്ടായിരുന്നു. അതു കൊണ്ട് തന്നെ അവ പെട്ടെന്ന് കണ്ടു പിടിക്കാന്‍ പറ്റി. സൈബീരിയയിലെ ക്രാസ്‌നോയാര്‍സ്‌കിലുള്ള ഒരു ഖനന കമ്പനിയുടെ ചരക്കുകളായിരുന്നു ഇവ.

സംഭവത്തെ തുടര്‍ന്ന് വിമാനം യാക്കുഷ്‌കില്‍ നിന്നും 12 കിമി അകലെയുള്ള ഒരു ഗ്രാമത്തില്‍ ലാന്‍ഡ് ചെയ്തു. ചിതറിക്കിടക്കുന്ന വജ്രങ്ങള്‍ കണ്ടു പിടിക്കാന്‍  പ്രദേശ വാസികളും തിരക്കിട്ട ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here