മോചനത്തിന് ഇനിയുള്ളത് ഒരേയൊരു കടമ്പ

ദുബായ് : വണ്ടിച്ചെക്ക് കേസില്‍ ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇതിനായി ഡല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അദ്ദേഹത്തിനെതിരെ യുഎഇയിലെ 22 ബാങ്കുകളാണ് കേസ് നല്‍കിയത്. അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഈ ബാങ്കുകള്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

ഇതല്ലാതെ മറ്റ് മൂന്ന് ബാങ്കുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അവരില്‍ രണ്ടുകൂട്ടര്‍, മോചനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇനി ഒരു കടമ്പ കൂടിയാണ് ബാക്കിയുള്ളത്.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കേസ് നിലനില്‍ക്കുന്നുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.

നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കാമെന്ന രേഖയില്‍ അവര്‍ കൂടി ഒപ്പുവെച്ചാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകും. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടതോടെയാണ് ധ്രുതഗതിയില്‍ മോചനശ്രമങ്ങളുണ്ടായത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര കേന്ദ്രസര്‍ക്കാരിനെഴുതിയ കത്തിന്റെ പുറത്താണ് നടപടികള്‍ ഉണ്ടായത്. 2015 ഓഗസ്റ്റ് 23 മുതലാണ് അദ്ദേഹം ജയില്‍ശിക്ഷ അനുഭവിക്കുന്നത്.

മൂന്ന് വര്‍ഷമാണ് ദുബായ് കോടതിയുടെ ശിക്ഷാവിധി. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 550 മില്യണ്‍ ദിര്‍ഹത്തിന്റെ ലോണ്‍ കുടിശ്ശികയാണ് നിയമനടപടികളിലേക്കും തടവുശിക്ഷയിലേക്കും നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here