ബാല്യവിവാഹത്തെ അനുകൂലിച്ച് ബിജെപി നേതാവ്

ഭോപ്പാല്‍ :18 വയസ്സിന് മുന്‍പേ പെണ്‍കുട്ടികള്‍ക്ക് വരനെ കണ്ടെത്തി നല്‍കിയാല്‍ ലവ് ജിഹാദ് ഇല്ലാതാക്കാമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഗോപാല്‍ പാല്‍മറാണ് ഈ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയായിരുന്നു ബാല്യ വിവാഹത്തെ അനുകൂലിച്ച് കൊണ്ടുള്ള എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ബാല്യ വിവാഹം നിലവിലുണ്ടായിരുന്ന കാലത്ത് ആരും ബന്ധം വേര്‍പെടുത്തുന്നതിനെ പറ്റി കേട്ടിട്ട് കൂടി ഇല്ലായിരുന്നു എന്നു പറഞ്ഞ എംഎല്‍എ ‘എന്ന് മുതല്‍ 18 വയസ്സ് എന്ന ഈ രോഗം നടപ്പില്‍ വന്നോ അന്ന് തൊട്ട് പെണ്‍കുട്ടികള്‍ ലവ് ജിഹാദില്‍പ്പെട്ട് ഒളിച്ചോടാന്‍ തുടങ്ങി’യെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയ നിയമത്തെ എതിര്‍ത്തായിരുന്നു ഗോപാല്‍ പാല്‍മറിന്റെ ഈ പദപ്രയോഗം.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാവ് കൂടുതല്‍ ജാഗ്രത പാലിക്കണം. അന്യമതസ്ഥരായ യുവാക്കള്‍ ഹിന്ദു ഭവനങ്ങളില്‍ സൗഹൃദം നടിച്ച് കയറിക്കൂടി സത്രീകളെ ചൂഷണം ചെയ്യുകയാണെന്നും എംഎല്‍എ ആരോപിച്ചു. ചിലര്‍ ഇതിനായി മനപ്പൂര്‍വം ഹിന്ദു പേരുകള്‍ വരെ ഉപയോഗിക്കുന്നു.

അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ഏതെങ്കിലും കുടുക്കില്‍പ്പെട്ട് പോകുന്നതിന് മുന്‍പ് ചെറു പ്രായത്തില്‍ ഇവരുടെ വിവാഹം മാതാപിതാക്കള്‍ ഉറപ്പിച്ച് വെക്കണമെന്നുമാണ് എംഎല്‍എയുടെ ഉപദേശം. അപ്പോള്‍ തന്റെ വിവാഹം നടന്നതാണെന്ന ബോധ്യത്താല്‍ പെണ്‍കുട്ടികള്‍ മറ്റു കുഴപ്പങ്ങളില്‍ ചെന്നു ചാടില്ലെന്നും ഗോപാല്‍ പാല്‍മര്‍ ഉപദേശിക്കുന്നു. എംഎല്‍എയുടെ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനവുമായി രംഗത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here