പ്രതിഫലത്തര്‍ക്കം ഒത്തുതീര്‍ന്നു

കൊച്ചി : സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഫലത്തര്‍ക്കം ഒത്തുതീര്‍ന്നു. നിര്‍മ്മാതാക്കളുമായി ഉണ്ടായിരുന്ന മുഴുവന്‍ പ്രശ്‌നങ്ങളും അവസാനിച്ചതായി സാമുവല്‍ റോബിന്‍സണ്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ട് മാന്യമായ പ്രതിഫലം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്. മുന്‍പ് ഇട്ട മുഴുവന്‍ പോസ്റ്റുകളും പിന്‍വലിച്ചിട്ടുണ്ട്.

തര്‍ക്കം തീര്‍ക്കാനിടപെട്ട ധനകാര്യമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. തനിക്ക് ലഭിച്ച പണത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

തന്റെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും മലയാളിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഫ്രിക്കക്കാരനോട് എറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുന്ന പ്രദേശമാണ് കേരളം.

വര്‍ണ്ണവിവേചനമില്ലാതെ ഇടപെടുന്ന സ്ഥലമാണെന്നും സാമുവല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സുഡാനി ഫ്രം നൈജീരിയ റിലീസ് ആയി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമുവല്‍ റോബിന്‍സണ്‍ ഫെസ്ബുക്കിലൂടെ രംഗത്തെത്തിയത്.

തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്നും താന്‍ വംശീയതയ്ക്ക് ഇരയായെന്നുമായിരുന്നു ആദ്യ കുറിപ്പ്. വര്‍ണവിവേചനം നേരിട്ടെന്ന ആരോപണം അദ്ദേഹം അടുത്ത പോസ്റ്റില്‍ പിന്‍വലിച്ചു. തുടര്‍ന്ന് തനിക്ക് ആകെ 1,80,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തി.

ഇതോടെ ധനമന്ത്രി തോമസ് ഐസക് വിടി ബല്‍റാം എംഎല്‍എ എന്നിവര്‍ സാമുവല്‍ റോബിന്‍സണിനായി രംഗത്തെത്തുകയും ചെയ്തിരുന്നു.ഒടുവില്‍ നിര്‍മ്മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ സാമുവലിനെ ബന്ധപ്പെട്ട് പണം നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here