കുഞ്ഞനന്തന് ലഭിച്ചത് 500ലേറെ ദിവസത്തെ പരോള്‍

കൊച്ചി: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ പരോള്‍ കാലാവധിയും ചര്‍ച്ചയാകുന്നത്.

ശിക്ഷാകാലയളവില്‍ ഇതുവരെ 500ലേറെ ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്. ഇതു ചട്ടലംഘനമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ശിക്ഷയില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുന്നത്. കുഞ്ഞനന്തന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 211 ദിവസവും യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് 301 ദിവസവും പരോള്‍ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

2014 ജനുവരി 24നാണ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പ്രതികളെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജയിലിലടച്ചത്. അതേസമയം കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് തടയുന്നതിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് കെ.കെ രമ പറഞ്ഞു.

ടി.പി കേസ് പ്രതികള്‍ക്കുമാത്രം മാനുഷിക പരിഗണന വാരിക്കോരി നല്‍കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഓരോ മാസവും പകുതിയിലധികം ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്.

നാലുകൊല്ലംപോലും ശിക്ഷയനുഭവിക്കാതെ കൊലക്കേസ് പ്രതിയെ പുറത്തുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും രമ പറഞ്ഞു. 70 വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയിളവ് നല്‍കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇതിനായി പൊലീസ് ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു.

കൊളവല്ലൂര്‍ എസ്‌ഐയാണു മൊഴിയെടുത്തത്. ടി.പി കേസ് പ്രതികളായ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 1800 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനായി ജയില്‍ വകുപ്പ് തയാറാക്കിയ പട്ടിക ഗവര്‍ണര്‍ നേരത്തേ തള്ളിയിരുന്നു. പിന്നീട് ടി.പി കേസ് പ്രതികളെ ഒഴിവാക്കി പുതിയ പട്ടിക നല്‍കി. ഇതിനുപിന്നാലെയാണ് പ്രായപരിധിയുടെ പേരില്‍ ടി.പി കേസ് പ്രതികളെ പുറത്തിറക്കാന്‍ ശ്രമം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here