ഒരു ഗവര്‍ണര്‍ക്കെതിരെ പീഡന പരാതി

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പക്ഷേ ഏത് സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരെയാണ് ആക്ഷേപമെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഇദ്ദേഹത്തോട് പദവി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. സംഭവത്തെ അതീവ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. രാജ്ഭവനിലെ ഒരു ജീവനക്കാരിയോട് ഗവര്‍ണര്‍ തീര്‍ത്തും മോശമായി പെരുമാറിയതാണ് പരാതിക്കാധാരമായിരിക്കുന്നത്.

അതേസമയം പ്രസ്തുത ഗവര്‍ണര്‍ക്ക് കേന്ദ്രം ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായി കലുഷിത സാഹചര്യമാണ് ഇദ്ദേഹം ചുമതല വഹിക്കുന്ന സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ ഇദ്ദേഹത്തെ പൊടുന്നനെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്രം ആശയക്കുഴപ്പത്തിലാണെന്നും വിവരമുണ്ട്.

സമാന രീതിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥനോട് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം രാജി ആവശ്യപ്പെട്ടിരുന്നു. രാജ്ഭവനിലെ നൂറിലേറെ ജീവനക്കാരാണ് ഇദ്ദേഹത്തിനെതിരെ അന്ന് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here