വിമാനം വൈകിയാല്‍ നഷ്ടപരിഹാരം

ന്യൂഡല്‍ഹി : വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന ബില്ലിന്റെ കരട് കേന്ദ്ര വ്യോമയാന മന്ത്രാലയം
പുറത്തിറക്കി. വിമാനയാത്രികരുടെ അവകാശ പത്രികയുടെ കരടില്‍ സുപ്രധാന നിര്‍ദേശങ്ങളാണുള്ളത്.

വിമാനം 4 മണിക്കൂറിലേറെ വൈകുകയും ഇക്കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കുകയും ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും കമ്പനി മടക്കി നല്‍കണം. വിമാനം പുറപ്പെടാന്‍ ഒരു ദിവസത്തെ താമസമുണ്ടെങ്കില്‍ കമ്പനി ഹോട്ടല്‍ സൗകര്യം ഒരുക്കണം.

ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയില്ലാതെ യാത്രക്കാര്‍ക്ക് റദ്ദാക്കാം. യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പ് വരെയാണ് ഇതിന് അവസരമുണ്ടാവുക. രണ്ടാഴ്ച മുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്തിനിടയില്‍ വിമാനം റദ്ദായാല്‍ യാത്രാസമയത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് സൗകര്യമൊരുക്കണം.

യാത്രക്കാരന് അതാവശ്യമില്ലെങ്കില്‍ പണം മടക്കി നല്‍കണം. ആദ്യ വിമാനം വൈകിയതിനാല്‍ കണക്ഷന്‍ ഫ്‌ളൈറ്റും സമയം പാലിച്ചില്ലെങ്കില്‍ മൂവായിരം രൂപ യാത്രക്കാര്‍ക്ക് നല്‍കണം.

നാലുമുതല്‍ 12 മണിക്കൂറിന് പതിനായിരം രൂപയും അതിന് മുകളിലെങ്കില്‍ 20,000 രൂപയുമാണ് നല്‍കേണ്ടത്. സങ്കീര്‍ണ്ണതകളില്ലാത്ത യാത്ര ഉറപ്പുവരുത്താനാണ് ഈ നിര്‍ദേശങ്ങളെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. അതേസമയം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളെ വിമാന കമ്പനികള്‍ ശക്തമായി എതിര്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here