ഹജ്ജ് യാത്രികര്‍ക്ക് വിമാനക്കൂലിയില്‍ ഇളവ്

ന്യൂഡല്‍ഹി : ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. ഏതാണ്ട് 41,000 രൂപയുടെ ഇളവാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചത്. 2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്നുള്ള ഹജ്ജ് വിമാനക്കൂലി 98,750 രൂപയായിരുന്നു.

എന്നാല്‍ ഇത്തവണ അത് 57,857 രൂപയായി കുറയും. 41000 രൂപയ്ക്കടുത്ത് കുറവ് വരുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. നിരക്ക് കുറച്ചെങ്കിലും അത് വിമാന കമ്പനികള്‍ ഈടാക്കുന്ന തുകയ്ക്ക് ആനുപാതികമായിരിക്കും. എയര്‍ ഇന്ത്യ,. സൗദി എയര്‍ലൈന്‍സ്,ഫ്‌ളൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചത്.

രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന, എന്നിവിടങ്ങളിലേക്കാണ് യാത്രാനിരക്കില്‍ ഇളവ്. ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്‌സിഡി കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് ആശ്വാസനടപടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് നടപടിയെന്നാണ് മുക്താര്‍ അബ്ബാസ് നഖ്‌വി വിശദീകരിച്ചത്. രാജ്യവ്യാപകമായി 1.75 ലക്ഷം ആളുകള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here