മുലപ്പാല്‍ ദാനം നല്‍കിയ യുവതി

ടക്‌സാസ് :സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദന നിറഞ്ഞ ഒരു അനുഭവമാണ്. തങ്ങള്‍ ജീവിച്ചിരിക്കെ സ്വന്തം മക്കള്‍ ഈ ലോകം വിട്ട് പോവുന്നത് അമ്മമാര്‍ക്ക് അലോചിക്കുവാന്‍ പോലും പറ്റില്ല.

പ്രസവിച്ച് ആറാം നാള്‍ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴും സങ്കടത്താല്‍ തളര്‍ന്നിരിക്കാതെ മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഒരു യുവതി കാണിച്ച നല്ല മനസ്സിനെ വാഴ്ത്തുകയാണ് ലോകം. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ ജെന്നി റോജര്‍സ് എന്ന 34 വയസ്സുകാരിയാണ് സ്വന്തം കുഞ്ഞ് മരിച്ചതിന് ശേഷവും, ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മുലപ്പാല്‍ ദാനം ചെയ്ത് മറ്റൊരു പിഞ്ചോമനയെ രക്ഷിച്ചെടുത്തത്.ഭ്രൂണാശയത്തിന്റെ വളര്‍ച്ച കുറവായത് കൊണ്ട് സിസേറിയന്‍ വഴിയാണ് ജെന്നി തന്റെ കുട്ടിയെ പ്രസവിച്ചത്. എന്നാല്‍ പ്രസവിച്ച് ആറ് ദിവസത്തിനുള്ളില്‍ തൂക്ക കുറവ് അടക്കമുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുഞ്ഞ് മരണപ്പെട്ടു.

ഇതിനിടയിലാണ് ടെക്‌സാസിലെ മറ്റൊരു ആശുപത്രിയില്‍ ഡയാന എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചെങ്കിലും മുലപ്പാല് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയെ തുടര്‍ന്ന് വിഷമിക്കുന്ന കാര്യം ജെന്നിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡയാനയുടെ ശരീരത്തില്‍ കുഞ്ഞിന് വേണ്ടത്ര മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല കുട്ടിയുടെ ശരീരത്തില്‍ ഒരു വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ മുലപ്പാല്‍ അത്യാവിശ്യവുമായിരുന്നു.

ഡയാനയുടെയും കുഞ്ഞിന്റെയും കഥയറിഞ്ഞ ജെന്നി കുട്ടിക്ക് തന്റെ മുലപ്പാല് നല്‍കാമെന്ന് സ്വയം മുന്നോട്ട് വരുകയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും ആ വേദന കടിച്ചമര്‍ത്തി മറ്റൊരു പിഞ്ചോമനയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ അമ്മ കാണിച്ച സന്നദ്ധതയെ വാഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here