വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ് ചതിക്കപ്പെട്ട വരന്‍ കാമുകിയുടെ ഒളിച്ചോട്ടം ഒരു ആഘോഷമാക്കി.

സുഹൃത്തുക്കളെ വിളിച്ചുകൂട്ടി നീ പോയാല്‍ എനിക്ക് ഒന്നുമില്ല എന്നെഴുതിയെ ഒരു വലിയ കേക്കും മുറിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിതാവിന്റെ ബന്ധുവായ യുവാവുമായി പെണ്‍കുട്ടി 4 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധം ആദ്യം അംഗീകരിച്ചില്ല. ഒടുവില്‍ ഇരുവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്താമെന്ന് സമ്മതിച്ചു.

പെണ്‍കുട്ടിക്ക് 18 വയസായതോടെ വിവാഹ ആലോചനയുമായി ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണിന്റ വീട്ടിലെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം തീരുമാനിച്ചു. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടി കാമുകനൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട് ടൗണിലെത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി.

തുടര്‍ന്ന് നീലേശ്വരത്ത് എത്തി കാമുകനോടു യാത്ര പറഞ്ഞു പോയി. എന്നാല്‍ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. അപ്പോഴേക്കും മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ പെണ്‍കുട്ടി കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നല്‍കി. ഇതോടെ കല്യാണ വീട്ടിലെ ആഘോഷങ്ങള്‍ നിലച്ചു. സദ്യക്കായി വാങ്ങിയ സാധനങ്ങള്‍ തിരികെ നല്‍കി. താന്‍ ചതിക്കപ്പെട്ടെന്ന് ബോധ്യമായതോടെയാണ് വരന്‍ കേക്ക് മുറിച്ച് ഈ സംഭവത്തെ ആഘോഷമാക്കി മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here