വരന്റെ കാര്‍ പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്

റായ്പുര്‍: വരന്റെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 25 പേര്‍ക്ക് പരുക്ക്. ഒന്‍പത് പേരുടെ നില ഗുരുതരമാണ്. വരന്റെ വരവ് രാജകീയമായി ആഘോഷിക്കുന്നതിനിടെയായിരുന്നു ആ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.

ചത്തീസ്ഗഢിലെ ജാഞ്ച്ഗിര്‍ ചമ്പ ജില്ലയിലാണ് സംഭവം. വരനെയും വഹിച്ചു കൊണ്ടുള്ള കാര്‍ മെല്ലെയാണ് സഞ്ചരിച്ചിരുന്നത്. ചുറ്റിലുമായി വിവാഹാഘോഷത്തിന് എത്തിയ വലിയ ആള്‍ക്കൂട്ടം സംഗീതത്തിന് ഒത്ത് ചുവട് വെച്ച് മെല്ലെ നടന്നു നീങ്ങുന്നുണ്ടായിരുന്നു.

പെട്ടെന്ന് വാഹനത്തിന്റെ വേഗത വര്‍ധിച്ച് ആളുകള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഡ്രൈവര്‍ സംഭവം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ബ്രേക്ക് എന്നു കരുതി ആക്‌സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മുന്നോട്ടെടുത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. പോലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടിണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here