മൊബൈല്‍ ഫോണ്‍ കാരണം വിമാനം വൈകി

മുംബൈ :എയര്‍ ഇന്ത്യ ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന AI-176 വിമാനമാണ് ഈ രസകരമായ സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയത്. രസികന്‍ ട്രോളുകളും ‘സമ്പൂര്‍ണ്ണ ദുരന്ത’മെന്ന പ്രയോഗത്തോടെയുമാണ് സമൂഹ മാധ്യമത്തിലെ ട്രോളന്‍മാര്‍ ഈ സംഭവത്തെ വരവേല്‍ക്കുന്നത്.

മാര്‍ച്ച് 18 ാം തീയതി നടന്ന സംഭവം പുറത്തറിയുന്നത് അടുത്തിടെയാണ്. ഉച്ചയ്ക്ക് 2 മണിക്കാണ് വിമാനം പറന്നുയരേണ്ടിയിരുന്നത്. വിമാനം പറന്നുയരേണ്ട അവസാന നിമിഷത്തിലാണ് ഒരു മൊബൈല്‍ ഫോണ്‍ എയര്‍ക്രാഫ്റ്റില്‍ അനാഥമായി കിടക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫില്‍ ആരുടെയെങ്കിലും ഫോണ്‍ വിമാനത്തില്‍ മറന്ന് വെച്ചിട്ടുണ്ടോയെന്ന് പൈലറ്റ് ഓഫിസില്‍ ബന്ധപ്പെട്ട് ചോദിച്ചു.

എയര്‍ ഇന്ത്യ സ്റ്റാഫായ ഒരു മെക്കാനിക്കല്‍ എഞ്ചിനിയറിന്റെ ഫോണായിരുന്നു അത്. വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹം കോക്ക്പീറ്റിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിനിടയില്‍ ഫോണ്‍ മറന്നു വെക്കുകയായിരുന്നു. ഫോണ്‍ എടുക്കുവാന്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍ വന്നാല്‍ വിമാനത്തിന്റെ വാതില്‍ തുറന്ന് എറിഞ്ഞ് കൊടുക്കണമെന്ന് കമാന്റര്‍ എയര്‍ലൈന്‍സ് ജിവനക്കാരിയോട് പറഞ്ഞു.

താഴെ വീണാലും മൊബൈലിന് നാശനഷ്ടം സംഭവിക്കാത്ത വിധം തുണി കൊണ്ട് പൊതിയുകയും ചെയ്തിരുന്നു. വാതില്‍ തുറക്കുന്നതിന് മുന്‍പ് ഡോര്‍ സിസ്റ്റം മാന്വവല്‍ മോഡിലാക്കണമെന്നും കമാന്റര്‍ ജിവനക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്തില്‍ പ്രധാനമായും രണ്ട് തരത്തിലാണ് ഡോര്‍ സിസ്റ്റം ക്രമീകരിച്ച് വെയ്ക്കുന്നത്. മാന്വവല്‍ മോഡിലും ഓട്ടോമാറ്റിക് മോഡിലും.

അപകട സാധ്യത കണക്കിലെടുത്ത് സാധാരണയായി പറന്നുയരുന്നതിന് മുന്‍പ് ഡോര്‍ തുറക്കേണ്ട വിധം ഓട്ടോമാറ്റിക് മോഡിലാക്കും. ഓട്ടോമാറ്റിക് മോഡിലാക്കി കഴിഞ്ഞാല്‍ ഡോര്‍ തുറക്കുന്നതോടു കൂടി ഒരു ചരിഞ്ഞ പ്രതലും കൂടി യാത്രക്കാര്‍ക്ക് ഇറങ്ങാനായി പുറത്തേക്ക് നീങ്ങി വരും. വിമാനം പറന്നുയരുന്നതിന് മുന്‍പുള്ള തിരക്കിട്ട ജോലികള്‍ക്കിടയില്‍ കയറി വന്ന ഈ അധിക പണി ജിവനക്കാരിയെ കുഴക്കി. ഓട്ടോമാറ്റിക് മോഡ് മാന്വവലിലേക്ക് മാറ്റാതെയായിരുന്നു യുവതി ഡോര്‍ തുറന്നത്. അതോടെ പണി പാളി.

ഡോര്‍ തുറന്ന് യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി തയ്യാറാക്കിയ ചരിഞ്ഞ പ്രതലം താഴേക്ക് നിവര്‍ന്നു വന്നു. പിന്നീട് മറ്റ് എഞ്ചിനിയര്‍മാരും സാങ്കേതിക വിദഗ്ധരുമെത്തി ഈ ചരിഞ്ഞ പ്രതലം നീക്കം ചെയ്ത് വിമാനത്തിന്റെ കാര്‍ഗോ കംപാര്‍ട്ട്‌മെന്റിലേക്ക് എടുത്തു വെച്ചു.

ഒരു മണിക്കൂറിലധികം സമയം ഇതിനായി ചിലവഴിക്കേണ്ടി വന്നു. ഒടുവില്‍ 2 മണിക്ക് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം പറന്നുയര്‍ന്നത് 3.40 ന്.

LEAVE A REPLY

Please enter your comment!
Please enter your name here